തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിങ് വിലക്കി ഹൈക്കോടതി. ക്ഷേത്ര മൈതാനത്ത് ഷൂട്ടിങ്ങിന് അനുമതി നൽകിയാൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടാകുമെന്നും വിശ്വാസികൾക്ക് ക്ഷേത്രത്തിലേയ്ക്ക് പോകാൻ നിയന്ത്രണം വരുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി വിലക്കേർപ്പെടുത്തിയത്.
നടൻ ജോജു ജോർജ്ജിന്റെ ആദ്യ സംവിധാന സംരംഭമായ ‘പണി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു വിധിയുണ്ടായത്. ഷൂട്ടിംങ്ങിന് അനുമതി നിഷേധിച്ച ദേവസ്വം കമ്മീഷണറുടെ ഉത്തരവ് റദ്ദാക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. വിശ്വാസികൾക്ക് നിയന്ത്രണം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾക്ക് മൈതാനത്ത് അനുമതി നല്കരുതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
കൊച്ചിൻ ദേവസ്വം ബോർഡിനാണ് കേരളാ ഹൈക്കോടതി നിർദ്ദേശം നൽകിയത്. മണികണ്ഠനാൽ മുതൽ ക്ഷേത്രനട വരെയുള്ള ഭാഗത്ത് ഷൂട്ടിംഗ് നടത്തിയാൽ വിശ്വാസികളെ സാരമായി ബാധിക്കുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, സോഫി തോമസ് എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി.