നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരുക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെ ആരോഗ്യവിവരങ്ങൾ പങ്കുവെച്ച് ടെലിവിഷൻ പരിപാടിയുടെ സംവിധായകൻ അനൂപ് ജോൺ. ബിനു അടിമാലി അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ അദ്ദേഹത്തിന് വിശ്രമം വേണമെന്നും സ്നേഹാന്വേഷണങ്ങൾക്കായി ആശുപത്രിയിൽ എത്തുന്നവർ സംയമനം പാലിക്കണമെന്നും അനൂപ് പറഞ്ഞു.
‘ബിനു അടിമാലിയെ കണ്ടു. ബിനു ചേട്ടന് ചെറിയ ഒരു ശസ്ത്രക്രിയ ഉണ്ടായിരുന്നു. അതുകഴിഞ്ഞ് ഇപ്പോൾ പരിപൂർണ വിശ്രമത്തിലാണ്. ബിനുച്ചേട്ടന്റെ അവസ്ഥയെ കുറിച്ച് അന്വേഷിച്ച് ഒരുപാട് പേർ എത്തുന്നുണ്ട്. ബിനു പറഞ്ഞിട്ടാണ് ഞാൻ ഇങ്ങനെയാരു വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഒരു പത്തുമിനിറ്റോളം ഞങ്ങൾ സംസാരിക്കുകയുണ്ടായി. കുറച്ചു വികാരഭരിതമായ നിമിഷങ്ങളായിരുന്നു. അതിനെപ്പറ്റിയൊക്കെ പിന്നീട് അദ്ദേഹത്തോട് തന്നെ ചോദിച്ചു മനസിലാക്കാം. ഇപ്പോൾ അദ്ദേഹം റെസ്റ്റിലാണ്‘ എന്നാണ് അനൂപ് പറഞ്ഞത്. എല്ലിന് പൊട്ടലേറ്റ ഉല്ലാസും സുഖം പ്രാപിച്ചുവരുന്നതായി അനൂപ് കൂട്ടിച്ചേർത്തു.
ജൂൺ അഞ്ചാം തീയതി പുലർച്ചെ നാലരയോടെയാണ് പനമ്പിക്കുന്നിൽ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടമുണ്ടായത്. സ്റ്റേജ് ഷോയ്ക്ക് ശേഷം വടകരയിൽനിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു താരങ്ങൾ. തലയ്ക്ക് പരിക്കേറ്റ സുധിയെ പെട്ടെന്ന് തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.