വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ എസ്എഫ്ഐ മുൻനേതാവ് കെ വിദ്യയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ആമസോൺ കാടുകളേക്കാൾ വന്യമൃഗങ്ങളുള്ള മനുഷ്യവാസമില്ലാത്ത കോഴിക്കോട് ജില്ലയിലെ മേപ്പയൂരിൽ നിന്നും വെറും 16 ദിവസങ്ങൾകൊണ്ടാണ് വിദ്യയെ പൊലീസ് കസ്റ്റഡിയിൽ എടുത്തുതെന്നും ഇത് കേരള പൊലീസിന്റെ കിരീടത്തിലെ പൊൻതൂവലാണെന്നും ഹരീഷ് പേരടി പരിഹസിച്ചു.
“അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ നിഗൂഢതകളിൽ കാണാതായ അന്തർവാഹിനിയെ കണ്ടെത്താൻ കഴിയാതെ അമേരിക്കയുടെയും കാനഡയുടെയും നേവിയും കോസ്റ്റ് ഗാർഡും ലോകത്തിന് മുന്നിൽ തലതാഴ്ത്തി നിൽക്കുമ്പോൾ.. എന്തിന് ആമസോൺ കാടുകളിൽനിന്ന് നാല് കുട്ടികളെ കണ്ടെത്താൻ മാസങ്ങൾ എടുത്ത കൊളംബിയൻ സൈന്യം പോലും കേരളാ പൊലീസിന്റെ മുന്നിൽ ഇന്ന് നാണം കെട്ടു“.
“അറ്റ്ലാന്റിക്ക് സമുദ്രത്തേക്കാൾ നിഗൂഢതയുള്ള ആമസോൺ കാടുകളേക്കാൾ വന്യമൃഗങ്ങളുള്ള മനുഷ്യവാസമില്ലാത്ത കോഴിക്കോട് ജില്ലയിലെ മേപ്പയൂരിൽ നിന്നും വെറും 16 ദിവസങ്ങൾകൊണ്ട് കെ വിദ്യയെ കസ്റ്റഡിയിൽ എടുത്തു… ഇത് കേരളാ പൊലീസിന്റെ കീരിടത്തിലെ പൊൻതൂവലാണ്. ലോകത്തിന് തന്നെ മാതൃകയാണ് എന്റെ നമ്പർ വൺ കേരളം” ഹരീഷ് പേരടി പറഞ്ഞു.