സംസ്ഥാനത്തെ ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ സ്ഥിതി വിവര കണക്കുകൾ പ്രകാരം കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ ഏറ്റവും കുറഞ്ഞ നിരക്കിൽ വളരുന്ന സംസ്ഥാനമെന്ന് വ്യക്തമാക്കുന്നു. കേരളത്തിൻ്റെ വളർച്ചനിരക്ക് വെറും 3 ശതമാനം മാത്രമാണ്.
ഗുജറാത്ത്
ആർബിഐ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒമ്പത് വർഷമായി ഏറ്റവും വേഗത്തിൽ വളരുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഗുജറാത്തിൻ്റെ മുഴുവൻ സംസ്ഥാന ആഭ്യന്തര ഉൽപ്പാദനം 8.2 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കാണ്. 2012 സാമ്പത്തിക വർഷത്തിൽ 6.16 ലക്ഷം കോടി രൂപയായിരുന്നത് 2021 സാമ്പത്തിക വർഷത്തിൽ 12.48 ലക്ഷം കോടി രൂപയായി വളർന്നിട്ടുണ്ട്. 18.89 ലക്ഷം കോടി രൂപയുടെ ജിഎസ്ഡിപിയുള്ള മഹാരാഷ്ട്രയ്ക്ക് പിന്നിലുള്ള രണ്ടാമത്തെ വലിയ സംസ്ഥാനമാണ് ഗുജറാത്ത്.
കർണാടക
ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ പ്രധാന സമ്പദ്‌വ്യവസ്ഥയാണ് കർണാടക. 7.3 ശതമാനം വളർച്ച നിരക്കാണ് കർണാടകയ്ക്ക്. 2012 സാമ്പത്തിക വർഷം 6.06 ലക്ഷം കോടി രൂപയിൽ നിന്ന് 2021 സാമ്പത്തിക വർഷത്തിൽ 11.44 ലക്ഷം കോടി രൂപയായി കർണാടകയിലേത് വളർന്നിരുന്നു. നാലാമത്തെ വലിയ സംസ്ഥാന സമ്പദ് വ്യവസ്ഥയാണ് കർണാടക. 2021 സാമ്പത്തിക വർഷത്തിൽ 5.36 ലക്ഷം കോടി ജിഎസ്ഡിപിയുമായി ഹരിയാന മൂന്നാം സ്ഥാനത്തുണ്ട്. 2012 സാമ്പത്തിക വർഷത്തിൽ കർണാടകയുടെ ജിഎസ്ഡിപി 2.97 ലക്ഷം കോടി രൂപയായിരുന്നു.
മധ്യപ്രദേശ്
അതിവേഗം വളരുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ മധ്യപ്രദേശ് നാലാം സ്ഥാനത്താണ്. സംസ്ഥാന ജിഡിപി 2012 സാമ്പത്തിക വർഷത്തിൽ 3.16 ലക്ഷം കോടി രൂപയിൽ നിന്ന് 2021 സാമ്പത്തിക വർഷത്തിൽ 5.65 ലക്ഷം കോടി രൂപയായി വളർന്നു. മധ്യപ്രദേശിന് തൊട്ടുപിന്നാലെ ആന്ധ്രപ്രദേശ് 6.5 ശതമാനം വാർഷിക ജിഎസ്ഡിപി വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിരുന്നു. 2012 സാമ്പത്തിക വർഷത്തിലെ 3.79 ലക്ഷം കോടി രൂപയിൽ നിന്ന് 2021 സാമ്പത്തിക വർഷത്തിൽ 6.70 ലക്ഷം കോടി രൂപയിലേക്കെത്തി.
അതേസമയം 3.9 ശതമാനം വളർച്ചാ നിരക്കുള്ള കേരളം, 4.1 ശതമാനമുള്ള ജമ്മു & കശ്മീർ , 4.2 ശതമാനം സിഎജിആർ ഉള്ള ജാർഖണ്ഡ് എന്നിവ ഇന്ത്യയിലെ ഏറ്റവും പതുക്കെ വളരുന്ന പ്രധാന സംസ്ഥാനങ്ങളാണ്.