മുംബൈ വിമാനത്താവളത്തിൽ യാത്രക്കാർ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ മുംബൈ വിമാനത്താവളത്തിനും ഇൻഡിഗോയ്ക്കും അധികൃതർ പിഴ ചുമത്തി. ഡി.ജി.സി.എയും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുമാണ് (ബി.സി.എ.എസ്) പിഴ ചുമത്തിയത്.
ഇൻഡിഗോയ്ക്ക് ബി.സി.എ.എസ് 1.20 കോടി രൂപയും ഡി.ജി.സി.എ 30 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. സമീപകാലത്ത് ഒരു കാരിയറിനുമേൽ ചുമത്തുന്ന ഏറ്റവും ഉയർന്ന പിഴയാണിത്. മുംബൈ വിമാനത്താവളത്തിന് ഡി.ജി.സി.എ 60 ലക്ഷം രൂപയും ബി.സി.എ.എസ് 30 ലക്ഷവുമാണ് പിഴയിട്ടത്. 30 ദിവസങ്ങൾക്കുള്ളിൽ പിഴ അടയ്ക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇൻഡിഗോയ്ക്കും മുംബൈ വിമാനത്താവളത്തിനും കേന്ദ്രം കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഏപ്രണിൽ വളരെയധികം സമയം യാത്രക്കാരുടെ സാന്നിധ്യമുണ്ടാകുന്നത് യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇത് 2007-ലെ ഡിജിസിഎ എയർ സേഫ്റ്റി സർക്കുലർ ലംഘനമാണെന്നും ഡി.ജി.സി.എ വ്യക്തമാക്കി.