പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിനിടെ പ്രതിഷേധം ശക്തമാക്കി ഗുസ്തി താരങ്ങൾ. പാർലമെന്റ് മന്ദിരത്തിലേക്ക് ദേശീയ പതാകയേന്തി ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് സംഘർഷം. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥാപിച്ച ബാരിക്കേഡുകൾ താരങ്ങൾ മറികടന്നതോടെ പൊലീസ് പ്രതിഷേധക്കാരെ തടയുകയായിരുന്നു.
പ്രതിഷേധം ശക്തമായതോടെ പൊലീസ് സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങളെ അറസ്റ്റ് ചെയ്ത് നീക്കി. നൂറിലേറെ പ്രതിഷേധക്കാർ ജന്തർ മന്ദറിൽ എത്തിച്ചേർന്നിട്ടുണ്ട്. പുതിയ പാർലമെന്റ് മന്ദിരത്തിന് സമീപത്തേക്ക് പ്രതിഷേധവുമായി മുന്നോട്ട് പോകാൻ പോലീസ് അനുവദിച്ചില്ലെങ്കിൽ പോലീസ് തടയുന്നിടത്ത് മഹാപഞ്ചായത്ത് നടത്തുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.
സമരത്തിന് പിന്തുണയുമായെത്തിയ കർഷകരെ ഡൽഹിയുടെ അതിർത്തികളിൽ പൊലീസ് തടഞ്ഞിട്ടുണ്ട്. പഞ്ചാബിൽ നിന്നുള്ള കർഷക സംഘടനയായ പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പ്രവർത്തകരെ അംബാല അതിർത്തിയിൽ പൊലീസ് തടഞ്ഞു. നിരവധി കർഷക നേതാക്കളും പോലീസ് കസ്റ്റഡിയിലാണ്.