തമിഴ്നാട് സർക്കാർ മയക്കുവെടിവച്ച് പിടിച്ച അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലെ മണിമുത്തരു വനമേഖലയിൽ തുറന്നുവിടുമെന്ന് തമിഴ്നാട് വനം വകുപ്പ് മന്ത്രി മതിവേന്തൻ. അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും, അത്തരമൊരു ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് തമിഴ്നാട് വനം വകുപ്പിന്റെ നിലപാട്.
ഉത്തരവ് ലഭിക്കാത്ത സാഹചര്യത്തിൽ അരിക്കൊമ്പനെ മുൻപ് നിശ്ചയിച്ചതനുസരിച്ച് കടുവാസങ്കേതത്തിൽ തുറന്നുവിടും. എറണാകുളം സ്വദേശിയും മൃഗസ്നേഹിയുമായ റബേക്ക ജോസഫ് നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി അരിക്കൊമ്പനെ കാട്ടിൽ തുറന്നുവിടുന്നത് തടഞ്ഞെന്നായിരുന്നു വിവരം. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ടാണ് റബേക്ക പൊതുതാൽപര്യഹർജി നൽകിയത്.
അരിക്കൊമ്പനെ എത്രയും പെട്ടെന്ന് തമിഴ്നാട് സർക്കാർ കേരളത്തിന് കൈമാറണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അരിക്കൊമ്പന്റെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളുണ്ടെന്നും ആന തമിഴ്നാട് വനംവകുപ്പിന് കീഴിൽ എത്രത്തോളം സുരക്ഷിതനായിരിക്കുമെന്ന് ആശങ്കയുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്. കോടതി ചൊവ്വാഴ്ച കേസിൽ വിശദമായ വാദം കേൾക്കും. അതുവരെ വനംവകുപ്പിന്റെ കസ്റ്റഡിയിൽ ആനയെ പാർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചതായാണ് റിപ്പോർട്ട്.