ഒഡീഷയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിക്കരുതെന്ന് വിമാനക്കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. വ്യോമയാന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയത്.
ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിന്റെ അടിസ്ഥാനത്തിൽ ടിക്കറ്റ് നിരക്ക് ക്രമാതീതമായി വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മന്ത്രാലയം ഈ തീരുമാനമെടുത്തത്. നിരക്ക് വർധിക്കാതിരിക്കാൻ കമ്പനികൾ ആവശ്യമായ മുൻകരുതൽ എടുക്കണമെന്നാണ് നിർദേശം.
ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ ആരെങ്കിലും ടിക്കറ്റുകൾ റദ്ദാക്കുകയോ യാത്ര പുനഃക്രമീകരിക്കുകയോ ചെയ്താൽ അവരിൽനിന്ന് പിഴ ഈടാക്കരുതെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.