പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണെന്നും പ്രധാനമന്ത്രിയല്ലെന്നും രാഹുൽ ഗാന്ധി. പാർലമെന്റ് മന്ദിരം രാജ്യത്തിന് മുഴുവൻ അവകാശപ്പെട്ടതാണെന്നും അതിനാൽ രാഷ്ട്രത്തിന്റെ മേധാവിയായ രാഷ്ട്രപതിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്യേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പാർലമെന്റ് മന്ദിരം പ്രധാനമന്ത്രിയുടെതാണെന്ന രീതിയിലാണ് ബി.ജെ.പി മുന്നോട്ട്പോകുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറിയായ ജയറാം രമേശും ഇതേ ആവശ്യം കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. സഭയുടെ നാഥനല്ല, സർക്കാരിന്റെ തലവൻ മാത്രമാണ് പ്രധാനമന്ത്രി എന്നാണ് പ്രതിപക്ഷം വിമർശിക്കുന്നത്.
മെയ് 28-നാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്. സവർക്കറുടെ ജന്മദിനമായ ഈ ദിവസം ഉദ്ഘാടനം നടത്തുന്നതിനെതിരെ തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു.