കോൺഗ്രസിന്റെ അഞ്ചിന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. അതേസമയം വൻ സാമ്പത്തിക ബാധ്യത വരുന്ന ഈ അഞ്ച് പദ്ധതികൾ അധികം പരിക്കുണ്ടാവാതെ നടപ്പാക്കുന്നത് സംബന്ധിച്ച് ബുധനാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു. എന്നാൽ അന്തിമ തീരുമാനത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനാൽ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന മന്ത്രിസഭായോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
അതേസമയം പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മികച്ച പ്രായോഗിക മാതൃക തയാറാക്കാൻ ഉദ്യോഗസ്ഥർക്കും വകുപ്പ് തലവന്മാർക്കും സമയം നൽകുകയാണ് ഇതിലൂടെ ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വാഗ്ദാനങ്ങൾ നടപ്പാക്കുമ്പോൾ വരുന്ന സാമ്പത്തിക വെല്ലുവിളികൾ പരമാവധി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു. കൂടാതെ സാമ്പത്തിക ചെലവ് സംബന്ധിച്ച വിശദ വിവരങ്ങൾ വകുപ്പ് തലവൻമാർ നൽകിയിട്ടുണ്ടെന്നും വെള്ളിയാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രിമാരിൽനിന്ന് കിട്ടിയ നിർദേശങ്ങളും കൂടി പരിഗണിച്ച് നടപടികളിൽ പുനഃക്രമീകരണം വരുത്താൻ നിർദേശം നൽകിയതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. വാഗ്ദാനങ്ങൾ നടപ്പാക്കുമ്പോൾ സംസ്ഥാനത്തിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത സംബന്ധിച്ച് ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വീകാര്യമായ നിർദേശങ്ങൾ സമർപ്പിക്കാനായുള്ള പ്രയത്നത്തിലാണ് ഉദ്യോഗസ്ഥർ. വാഗ്ദാനങ്ങൾ നടപ്പാക്കാൻ ചുരുങ്ങിയത് 50,000 കോടി രൂപ ആവശ്യമാണെന്നും ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചു.