ലോകത്തിലെ തന്നെ അതിസമ്പന്നരിൽ ഒരാളും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബിൽ ഗേറ്റ്സിന് ചായ തയ്യാറാക്കി നൽകുന്ന സോഷ്യൽ മീഡിയ താരം ‘ഡോളി ചായ്വാല’യുടെ വീഡിയോ വളരെ വേഗമാണ് വൈറലായത്. ആനന്ദ് അംബാനിയുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാനാണ് ബിൽ ഗേറ്റ്സ് ഇന്ത്യയിലെത്തിയത്. ആ സമയത്താണ് സോഷ്യൽ മീഡിയ താരമായ ഡോളി ചായ്വാലയെ കൂടെ ചേർത്തുള്ള വീഡിയോ സാക്ഷാൽ ബിൽഗേറ്റ്സ് പങ്കിട്ടിരുന്നു. ഇന്ത്യയിൽ എല്ലാം വളരെ വ്യത്യസ്തമായ, കഴിവ് തെളിയിക്കും വിധത്തിലുള്ള കാഴ്ചകളാണ് കാണുക, അത് ഒരു ചായ തയ്യാറാക്കുന്നതിൽ പോലും കാണാൻ സാധിക്കുമെന്ന അടിക്കുറിപ്പോടെയാണ് ബിൽ ഗേറ്റ്സ് വീഡിയോ പങ്കുവച്ചത്.
വീഡിയോ വ്യാപകമായ രീതിയിൽ ശ്രദ്ധേയമായി. ബിൽ ഗേറ്റ്സിനൊപ്പം വീഡിയോയിൽ വന്നതോടെ ‘ഡോളി ചായ്വാല’ രാജ്യത്തിന് പുറത്തും വ്യാപകമായ ശ്രദ്ധ നേടുകയാണ്. ഈ വീഡിയോയുടെ ചുവടുപിടിച്ച് മറ്റൊരു വാർത്ത ഇപ്പോൾ വൈറലാകുകയാണ്. വാർത്തയുടെ സത്യാവസ്ഥ എന്തെന്ന് പോലും അന്വേഷിക്കാതെ നിരവധി ആളുകളാണ് വാർത്ത ഷെയർ ചെയ്യുന്നതും. വിൻഡോസ് 12 ൻ്റെ ബ്രാൻഡ് അംബാസഡറുമായി ബന്ധപ്പെട്ടാണ് ഈ വാർത്ത.
വൈറൽ സെൻസേഷൻ ഡോളി ചായ്വാല വിൻഡോസ് 12 ൻ്റെ ബ്രാൻഡ് അംബാസഡറാകുമെന്നാണ് വ്യാപക പ്രചരണം. യാതൊരു വിധ അടിസ്ഥാനവുമില്ലാതെയാണ് വാർത്ത പ്രചരിക്കുന്നത്. ഇതു സംബന്ധിച്ച് മൈക്രോസോഫ്റ്റോ ബിൽ ഗേറ്റ്സോ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല. അത് തന്നെയുമല്ല വിൻഡോസ് 12 ന്റെ റിലീസ് തീയതി പോലും മൈക്രോസോഫ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതിൽ നിന്ന് തന്നെ അനുമാനിക്കാം ഇപ്പോൾ പ്രചരിക്കുന്ന വാർത്ത തികച്ചും വാസ്തവ വിരുദ്ധമാണ്.