രാജ്യത്ത് ഉയരുന്ന വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്താനൊരുങ്ങുകയാണ് കോൺഗ്രസ്. ഓഗസ്റ്റ് അഞ്ചിന് കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താനാണ് തീരുമാനം. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനും ധാരണയുണ്ട്. രാവിലെ രാഷ്ട്രപതി ഭവനിലേക്ക് ലോക്സഭയിലേയും രാജ്യസഭയിലേയും എംപിമാര്‍ ചേർന്ന് മാര്‍ച്ച് നടത്തും. മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തക സമിതി അംഗങ്ങളും ഈ സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്നി പ്രയോഗത്തിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേ ബിജെപി നേതാക്കള്‍ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയതോടെയാണ് പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കുന്നതടക്കമുള്ള തീരുമാനത്തിലേക്ക് കോണ്‍ഗ്രസ്സിനെ നയിച്ചതെന്നാണ് സൂചന.
രാജ്ഭവന് ഉപരോധത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം എംഎല്‍എമാരും എംഎല്‍സിമാരും മുന്‍ എംപിമാരും ഉണ്ടാകും. കൂടാതെ മണ്ഡലം, ബ്ലോക്ക്, ജില്ലാതലങ്ങളിലും പ്രക്ഷോഭം സംഘടിപ്പിച്ച് നേതാക്കളും ജനപ്രതിനിധികളും അറസ്റ്റു വരിക്കാനാണ് ഹൈക്കമാന്‍ഡ് പിസിസി അധ്യക്ഷന്മാര്ക്കും എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പോഷക സംഘടനാ നേതാക്കള്‍ക്കും നൽകിയിരിക്കുന്ന നിര്‍ദേശം.