ഉപയോഗിക്കാതിരിക്കുന്ന ജി-മെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്ന മുന്നറിയിപ്പുമായി ഗൂഗിൾ. ഡിസംബർ മുതലാണ് അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുക. കഴിഞ്ഞ മെയ് മാസത്തിൽ പുതുക്കിയ ഗൂഗിൾ അക്കൗണ്ടുകളുടെ ഇനാക്റ്റിവിറ്റി പോളിസി അനുസരിച്ചാണ് ഈ നീക്കം. കുറഞ്ഞത് രണ്ട് വർഷക്കാലം സൈൻ ഇൻ ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാത്ത അക്കൗണ്ടുകളാണ് നീക്കം ചെയ്യുക.
വളരെ നാളായി ഉപയോഗിക്കാതിരിക്കുന്ന ജി-മെയിൽ അക്കൗണ്ടുകൾ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിന്റെ നടപടി. സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന ജി-മെയിൽ അക്കൗണ്ടുകളെ പുതിയ നിയമം ബാധിക്കില്ല. സ്വകാര്യ ഗൂഗിൾ അക്കൗണ്ടുകളാണ് നീക്കം ചെയ്യപ്പെടുക. ജി-മെയിലിന് പുറമെ ഡോക്സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ, ഗൂഗിൾ ഫോട്ടോസ് അക്കൗണ്ടുകൾക്കും ഈ നടപടി ബാധകമാകും.
രണ്ട് വർഷത്തിൽ ഒരിക്കലെങ്കിലും അക്കൗണ്ടുകൾ ലോഗിൻ ചെയ്യണമെന്നും ഇതേ അക്കൗണ്ടുകൾ ഉപയോഗിച്ച് ഗൂഗിളിന്റെ മറ്റ് സേവനങ്ങളും ഉപയോഗിക്കാൻ ശ്രമിക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഘട്ടം ഘട്ടമായാണ് അക്കൗണ്ടുകൾ നീക്കം ചെയ്യുക. അക്കൗണ്ട് ആരംഭിച്ചതിന് ശേഷം ഒട്ടും ഉപയോഗിക്കാത്തവയാണ് ആദ്യഘട്ടത്തിൽ ഒഴിവാക്കുക. പെട്ടെന്നൊരു ദിവസം അക്കൗണ്ട് നീക്കം ചെയ്യപ്പെടില്ലെന്നും നീക്കം ചെയ്യാൻ പോവുന്ന അക്കൗണ്ടുകളിലേക്ക് അക്കാര്യം അറിയിച്ചുകൊണ്ട് പല തവണ ഇ-മെയിലുകൾ അയക്കുമെന്നും ഗൂഗിൾ അധികൃതർ വ്യക്തമാക്കി.