സംസ്ഥാന സർക്കാർ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് പാരിതോഷികം തീരുമാനിച്ചു. സ്വർണമെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപയാണ് സമ്മാനം ലഭിക്കുക. വെളളി മെഡൽ ജേതാക്കൾക്ക് 19 ലക്ഷം രൂപയും വെങ്കല മെഡൽ ജേതാക്കൾക്ക് 12.5 ലക്ഷം രൂപയും പാരിതോഷികം ലഭിക്കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
വ്യാഴാഴ്ചയാണ് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് നടക്കുക. ഇതിന് മുന്നോടിയായാണ് മന്ത്രിസഭായോഗത്തിൽ കായികതാരങ്ങൾക്കുള്ള പാരിതോഷികം തീരുമാനിച്ചത്. സമ്മാനത്തുകയിൽ മുൻവർഷത്തേക്കാൾ 25 ശതമാനം വർദ്ധനവുണ്ട്.
ഗെയിംസിൽ അഭിമാനാർഹമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ച് ഒളിമ്പ്യൻ പിആർ ശ്രീജേഷ് ഉൾപ്പടെയുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു. തുടർന്നാണ് മെഡൽ ജേതാക്കളെ ആദരിക്കാനുള്ള തീരുമാനമെടുത്തത്.