എസ്.എസ്.എൽ.സി ബുക്കിൽ ഗ്രേഡിനൊപ്പം മാർക്ക് കൂടി ചേർക്കാൻ സർക്കാർ നീക്കം. ഫലപ്രഖ്യാപനത്തോടൊപ്പം മാർക്ക് ലിസ്റ്റ് കൂടി നൽകുന്ന കാര്യവും സർക്കാർ പരിഗണിക്കും. ഈ വർഷം തന്നെ ഇത് നടപ്പിലാക്കാൻ കഴിയുമോ എന്ന ആലോചനയിലാണ് സർക്കാർ.
സർട്ടിഫിക്കറ്റിൽ മാർക്ക് കൂടി ചേർക്കണം എന്ന് ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥിനിയുടെ ഹർജിയിൽ ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നീക്കം. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ നിലവിൽ ഗ്രേഡ് മാത്രമാണ് രേഖപ്പെടുത്തുന്നത്. ഇതോടൊപ്പം വിദ്യാർത്ഥികളുടെ മാർക്ക് കൂടി രേഖപ്പെടുത്തണമെന്ന ആവശ്യത്തിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ. പരീക്ഷാ ഫലത്തോടൊപ്പം പാഠ്യേതര വിഷയങ്ങൾക്ക് ലഭിക്കുന്ന ഗ്രേസ് മാർക്ക് കൂടി ചേർക്കുന്നതോടെ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് ലഭിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധനവുണ്ടാകും.