ദൈനംദിന ചെലവുകൾക്ക് പോലും പണമില്ലാതെ വൻ പ്രതിസന്ധി നേരിടുകയാണ് എജ്യുടെക് കമ്പനി ബൈജൂസ്. ബൈജൂസിൽ കോഴ്സിന് ചേർന്ന നിരവധി പേർക്കും പണം നഷ്ടമായി. അത്തരത്തിൽ പണം നഷ്ടമായ കുടുംബം ബൈജുസ് ഓഫിസിൽ കയറി ടിവി എടുത്തോണ്ട് പോയ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. ട്യൂഷൻ വേണ്ടെന്നു വച്ച് ഉപയോഗിക്കാത്ത ടാബ്ലറ്റ് തിരികെ നൽകി കുടുംബം റീഫണ്ട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പണം നൽകാമെന്ന് ബൈജൂസ് അറിയിച്ചു. എന്നാൽ പിന്നീട് കമ്പനി ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.
പണം ഇപ്പോഴെങ്ങും കിട്ടില്ലെന്ന് വന്നതോടെയാണ് കുടുംബം ഇത്തരത്തിൽ പ്രതികരിച്ചത്. ഇവർ ഓഫീസിലെത്തി ടിവി അഴിച്ചുകൊണ്ടു പോകുകയായിരുന്നു. പണം നൽകിയാൽ തിരികെ തരാമെന്ന് ജീവനക്കാരോട് പറഞ്ഞാണ് ടിവി എടുത്തുകൊണ്ടു പോയത്. 2023 വർഷത്തിൽ ബൈജൂസ് ട്യൂഷൻ സെന്ററിലെ പകുതിയിലേറെ വിദ്യാർത്ഥികളും റീഫണ്ട് ആവശ്യപ്പെട്ടു എന്നാണ് ധനകാര്യ മാധ്യമമായ മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നത്.