ബിജെപിക്കെതിരെ കന്നഡ ജനതയെ സ്വാധീനിച്ച അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റാനൊരുങ്ങി കോൺഗ്രസ്. ആദ്യ ക്യാബിനറ്റിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് കോൺഗ്രസ് വ്യക്തമാക്കിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കോൺഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി വ്യക്തമാക്കിയതാണ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുന്ന കാര്യം. ഒരളവ് വരെ ഗ്രാമീണ മേഖലയിൽ കോൺഗ്രസിന്റെ ശക്തമായ മുന്നേറ്റത്തിന് ഈ പ്രഖ്യാപനങ്ങൾ സഹായകരമായിരുന്നു. സർക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രഖ്യാപനം.
മാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതി, കുടുംബനാഥയ്ക്ക് മാസം 2000 രൂപ വീതം നൽകുന്ന ഗൃഹലക്ഷ്മി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, തൊഴിൽരഹിതരായ ബിരുദദാരികൾക്ക് 3000 രൂപയും, ഡിപ്ലോമക്കാർക്ക് 1500 രൂപയും നൽകുന്ന യുവനിധി പദ്ധതി, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഓരോ വ്യക്തിക്കും മാസം തോറും പത്ത് കിലോ വീതം സൗജന്യ അരി ഉറപ്പാക്കുന്ന അന്നഭാഗ്യ തുടങ്ങിയവയാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.