ഡോ. ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ റിമാന്റിലായ പ്രതി ഡോ. റുവൈസ് ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. എന്നാൽ, റുവൈസിനെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച തന്നെ പൊലീസ് അപേക്ഷ സമർപ്പിക്കും. ജാമ്യം കൊടുത്താൽ കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുമെന്നും കേസിൽ കൂടുതൽ തെളിവെടുപ്പ് വേണമെന്നും പൊലീസ് കോടതിയെ അറിയിക്കും.
അതേസമയം, ഷഹനയുടെ മരണത്തിൽ പ്രതി ചേർത്ത റുവൈസിൻ്റെ പിതാവിനെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഡോ. റുവൈസിൻ്റെ അറസ്റ്റിന് പിന്നാലെ പിതാവ് ഒളിവിൽ പോയിരുന്നു. പൊലീസ് ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് വീട് ഒഴിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇതേ തുടർന്നാണ് മെഡി. കോളേജ് പൊലീസ് ഇയാളെ പ്രതി ചേർത്തത്. സ്ത്രീധനം കൂടുതൽ വാങ്ങാൻ റുവൈസിനെ പ്രേരിപ്പിച്ചത് പിതാവാണെന്ന് ഷഹനയുടെ ബന്ധുക്കൾ മൊഴി നൽകിയിരുന്നു.
ഷഹനയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ആത്മഹത്യ ചെയ്യുകയാണെന്ന് മരണ ദിവസം ഷഹന വാട്സ് ആപ്പിലൂടെ ഡോ. റുവൈസിന് സന്ദേശം അയച്ചിരുന്നു. മെസേജ് കിട്ടിയതോടെ ഡോ. റുവൈസ് ഷഹനയെ ബ്ലോക്ക് ചെയ്യുകയായിരുന്നു. തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഈ സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്തത്. ഷഹനയുടെ ഫോണിൽ നിന്നും മെസേജിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡോ. ഷഹനയുടെ മരണത്തിന് ഉത്തരവാദി റുവൈസാണെന്നാണ് പൊലീസ് എഫ്.ഐ.ആറിലുള്ളത്.