കുളിക്കാനായി പുഴയിലിറങ്ങുമ്പോൾ ഒരു സ്രാവിനെ കണ്ടാൽ എന്താകും അവസ്ഥ. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വൈതർണ്ണൻ നദിയിലാണ് നാല് അടിയോളം നീളമുള്ള സ്രാവിനെ കണ്ടത്. മീൻ പിടിക്കാനായി പുഴയിലിറങ്ങിയ യുവാവിനെ സ്രാവ് ആക്രമിക്കുകയായിരുന്നു.
മനോർ ഡോംഗർ ഗ്രാമത്തിലെ വിക്കി ഗോവാരി എന്ന 34കാരന്റെ കാലിലാണ് സ്രാവ് കടിച്ചത്. സംഘമായി ആളുകൾ മീൻ പിടിക്കുന്നതിനിടെയാണ് പുഴയിലിറങ്ങിയ വിക്കിയെ സ്രാവ് ആക്രമിച്ചത്. ഇയാളുടെ കാൽ ഭാഗികമായി മുറിഞ്ഞതായാണ് റിപ്പോർട്ട്. അപകടത്തേത്തുടർന്ന് മറ്റ് മത്സ്യബന്ധന തൊഴിലാളികൾ ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് ഗ്രാമവാസികൾ ചേർന്ന് സ്രാവിനെ പിടികൂടുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശുദ്ധജലത്തിൽ ജീവിക്കാനും പ്രജനനം നടത്താനും കഴിയുന്ന ബുൾ ഷാർക്ക് ഇനത്തിൽപ്പെട്ട സ്രാവാണ് യുവാവിനെ ആക്രമിച്ചതെന്നാണ് നിഗമനം. കടലിൽ ആവശ്യത്തിന് ഭക്ഷണം ലഭ്യമല്ലാതാകുമ്പോഴാണ് ഇത്തരം സ്രാവുകൾ പുഴകളിലേയ്ക്കും അരുവികളിലേയ്ക്കും എത്തുന്നതെന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്.