അതിശക്തമായ ചൂട് അനുഭവിക്കുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി മഴയ്ക്ക് സാധ്യത. യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടും. യുഎഇയുടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ വിലയിരുത്തൽ പ്രകാരം പടിഞ്ഞാറൻ മേഖലകളിൽ പൊടി നിറഞ്ഞ അന്തരീക്ഷവും അതോടൊപ്പം ചെറിയ മഴയ്ക്കുള്ള സാധ്യതയുമുണ്ട്.
നേരിയതോ മിതമായതോ ആയ കാറ്റിൽ പകൽ സമയത്ത് പൊടിയും മണലും വീശാൻ ഇത് കാരണമാകും. കൂടാതെ പകൽസമയത്ത് അറേബ്യൻ ഗൾഫിലും ഒമാനിലും കടൽ നേരിയ തോതിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. കൂടാതെ ഈ ആഴ്ച അവസാനത്തോടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ മഴ പ്രതീക്ഷിക്കുന്നതായും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിൽ നിന്നുള്ള ഡോക്ടർ അഹമ്മദ് ഹബീബ് പറഞ്ഞു.
അബുദാബിയിലും ദുബായിലും താപനില 45 ഡിഗ്രി സെൽഷ്യസിൽ എത്തും. 44.7 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില.