ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. എസ്ജി-11 വിമാനമാണ് തിരിച്ചുവിട്ടത്. ഇൻഡിക്കേറ്റർ ലൈറ്റ് തകരാറിലായതിന്റെ സാങ്കേതിക തകരാറിനെ തുടർന്നാണ് ബി 737 വിമാനം പാകിസ്ഥാനിൽ ഇറക്കിയത്.
അതേസമയം അടിയന്തര ലാൻഡിംഗ് നടന്നിട്ടില്ലെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും എയർലൈൻ വക്താവ് അറിയിച്ചു. യാത്രക്കാര്‍ക്കായി പകരം വിമാനം കറാച്ചിയിലേക്ക് അയച്ചിട്ടുണ്ടെന്നും വൈകാതെതന്നെ എല്ലാവരേയും ദുബായി എത്തിക്കുമെന്നും വിമാനകമ്പനി അറിയിച്ചു.
വിമാനത്തിന് തകരാർ സംഭവിച്ചതായി നേരത്തെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എല്ലാ യാത്രക്കാര്‍ക്കും റിഫ്രഷ്മെന്റ് നൽകിയിട്ടുണ്ടെന്നും വിമാനകമ്പനി അറിയിച്ചു. എന്നാല്‍ യാത്രക്കാർ ക്ഷുഭിതരാണ്. അടിക്കടി സ്പൈസ് ജെറ്റ് സര്‍വ്വീസുകൾക്ക് തകരാന്‍ സംഭവിക്കുന്നതായാണ് പരാതി.
മൂന്ന് ദിവസങ്ങൾക്ക് മുമ്പ് ഡല്‍ഹി – ജബല്‍പൂര്‍ സ്പൈസ് ജെറ്റില്‍ പുക കണ്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി ദില്ലിയില്‍ തിരിച്ചിറക്കിയിരുന്നു. കഴിഞ്ഞ് ജൂണ്‍ 19നും സമാന സംഭവമുണ്ടായി. 185 യാത്രക്കാരുമായി ഡല്‍ഹിയിലേക്കു പോയ വിമാനത്തില്‍ പക്ഷി ഇടിച്ച് എഞ്ചിനില്‍ തീ പിടിച്ചതിനെ തുടര്‍ന്ന് പട്നയില്‍ ഇറക്കുകയായിരുന്നു.