ഡിജിറ്റൽ പണമിടപാടുമായി ബന്ധപ്പെട്ട് യുഎഇയുമായി സഹകരണം ശക്തിപ്പെടുത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യയിലെ ഭൂരിഭാഗം പ്രവാസികളും താമസിക്കുന്നത് യുഎഇയിലാണ്. അതിനാൽ യുഎഇയുമായുള്ള ഡിജിറ്റൽ പണമിടപാട് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണെന്നും ഡിജിറ്റൽ പണമിടപാട് മേഖലയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും നിലവിൽ സഹകരണത്തിലാണെന്നും ആർ.ബി.ഐ പേമെന്റ് ആന്റ് സെറ്റിൽമെന്റ് സിസ്റ്റംസ് ഡിപ്പാർട്മെന്റ് ചീഫ് ജനറൽ മാനേജർ ഗുൻവീർ സിങ് പറഞ്ഞു.
പ്രാദേശിക കറൻസികളിൽ ഉഭയകക്ഷി വ്യാപാരം നടത്തുന്നതിനും ലിങ്ക് പേമെന്റ്, ഫിനാൻഷ്യൽ മെസേജിങ് സിസ്റ്റംസ് എന്നിവയുമായി ബന്ധപ്പെട്ടുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി ഇരുരാജ്യങ്ങളും തമ്മിൽ ജൂലൈയിൽ കരാറിൽ ഒപ്പുവെച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനത്തിനിടെ ഉഭയകക്ഷി വ്യാപാര വളർച്ചയെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ യു.എ.ഇ സെൻട്രൽ ബാങ്കും ഇന്ത്യയുടെ റിസർവ് ബാങ്കും തമ്മിൽ മറ്റ് രണ്ട് കരാറുകളിലും ഒപ്പുവെച്ചിരുന്നു. അതിനാൽ വൈകാതെ ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങൾ യാഥാർഥ്യമാക്കുമെന്നും ഗുൻവീർ സിങ് പറഞ്ഞു.