ബഹിരാകാശ നിലയത്തിൽ നിന്നും പകർത്തിയ മക്കയുടെയും മദീനയുടെയും രാത്രികാല ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സൗദി ബഹിരാകാശ സഞ്ചാരിയായ റയാന അൽ ബർനാവി. ബഹിരാകാശത്ത് എത്തിയ ആദ്യത്തെ അറബ് മുസ്ലിം വനിതയാണ് റയാന.
നാസ, സ്പേസ് എക്സ്, ആക്സിയം സ്പേസ്, സൗദി സ്പേസ് അതോറിറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക ദൗത്യത്തിലാണ് സൗദി ബഹിരാകാശ സഞ്ചാരികളായ റയാനയും അലി അൽഖർനിയും ഉൾപ്പെടുന്ന സംഘം ബഹിരാകാശ നിലയത്തിൽ എത്തിയത്. പത്ത് ദിവസം ബഹിരാകാശ നിലയത്തിൽ തങ്ങുന്ന ഇവർ 14 പരീക്ഷണങ്ങൾ നടത്തും.
സ്പേസ് എക്സ് നിർമ്മിച്ച് യു.എസിലെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് വിക്ഷേപിച്ച ഫാൽക്കൺ 9 റോക്കറ്റിലാണ് റയാനയും അലിയും ബഹിരാകാശത്തെത്തിയത്.