അബുദാബിയിലെ ഫാൽക്കൺ ലേലത്തിൽ അപൂർവ്വയിനം അമേരിക്കൻ പരുന്തിനെ വിറ്റത് ഒരു ദശലക്ഷം ദിർഹത്തിന്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ ഒരു ദശലക്ഷം ദിർഹത്തിനാണ് ( 2,26,40,076 ഇന്ത്യൻ രൂപ) അബുദാബി ഇന്റർനാഷണൽ ഹണ്ടിംഗ് ആന്റ് ഇക്വസ്ട്രിയൻ എക്സിബിഷനിൽ പരുന്തിനെ വിറ്റത്. എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ് സംഘടിപ്പിച്ച ലേലത്തിൽ വെളുത്ത നിറമുള്ള ഈ പരുന്തിനെ (പ്യുവർ ഗിയർ – അൾട്രാ വൈറ്റ്) സ്വന്തമാക്കുന്നതിന് നിരവധി പേരായിരുന്നു എത്തിയത്. പുരാതന കാലം മുതൽ അറബ് ജീവിതത്തിലെ ആഢ്യത്വത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ് പരുന്തുകൾ.
ലോക വ്യാപകമായി പരുന്ത് വളർത്തുന്നവർ, പരുന്ത് പറത്തൽ മത്സരത്തിൽ പങ്കെടുക്കുന്നവർ, വിനോദത്തിൽ ഏർപ്പെടുന്നവർ, പരുന്തുകളെ വാങ്ങാനും വിൽക്കാനും ആഗ്രഹിക്കുന്നവർ തുടങ്ങിയവരാണ് ലേലത്തിൽ പങ്കെടുക്കുന്നത്. പരുന്ത് പ്രേമികളുടെയും പ്രധാന ആകർഷണങ്ങളിലൊന്നാണ് ക്യാപ്റ്റീവ് ബ്രീഡ് പരുന്ത് ലേലം. പരുന്ത് ബ്രീഡിംഗ് ഫാമുകളുടെയും കേന്ദ്രങ്ങളുടെയും ഉടമകൾ ഏറ്റവും മികച്ച പരുന്തുകളെ സ്വന്തമാക്കുന്നതിനാണ് ഈ അവസരം വിനയോഗിക്കുക. ഉമ്മ ജെനിബ ഫാം വാഗ്ദാനം ചെയ്യുന്ന ഫാൽക്കൺ റാഫിൾ നറുക്കെടുപ്പ് ഉൾപ്പെടെയുള്ള പുതിയ ഫീച്ചറുകൾ ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ അടുത്ത മാസം രണ്ട് മുതൽ പരുന്തുകളുടെ ഏഴ് ദിവസത്തെ എക്സിബിഷനും ആരംഭിക്കും. ഇതിനോടനുബന്ധിച്ചും എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ് ലേലം സംഘടിപ്പിക്കും. വരാനിരിക്കുന്ന ലേലത്തിൽ യഥാക്രമം പ്രാദേശിക, രാജ്യാന്തര ഫാമുകളിൽ ഉൽപ്പാദിപ്പിക്കുന്ന പ്യുവർ ഗൈർ, ആൺ പ്യുവർ ഗൈർ, പ്യുവർ സാക്കർ എന്നിങ്ങനെ മൂന്ന് ക്യാപ്റ്റീവ് ബ്രീഡ് പരുന്തുകളെ ലേലം ചെയ്യും. കൂടാതെ ഏറ്റവും മനോഹരമായ ക്യാപ്റ്റീവ് പരുന്തുകൾക്ക് വേണ്ടിയുള്ള മത്സരങ്ങളും അപൂർവ്വ പരുന്തുകളിൽ മികച്ചതിനെ കണ്ടെത്തുന്നതിനായി തിരഞ്ഞെടുപ്പുകളും നടത്തപ്പെടും.