അബുദാബി ഉം യാഫിന സ്ട്രീറ്റിൽ വാഹനങ്ങൾക്ക് പുതിയ വേഗപരിധി നിശ്ചയിച്ചു. ജൂൺ 7 മുതൽ അബുദാബി ഉം യാഫിന സ്ട്രീറ്റിൽ അൽ റീം ഐലന്റിൽ നിന്ന് ഷെയ്ഖ് സായിദ് റോഡ് (അൽ ഖുറം) വരെയാണ് പുതിയ വേഗപരിധി നടപ്പിലാക്കുക.
ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററുമായി സഹകരിച്ച് അബുദാബി പോലീസ് ആണ് ഏറ്റവും പുതിയ വേഗപരിധി സൂചിപ്പിക്കുന്ന പുതിയ സൈൻ ബോർഡുകൾ സ്ഥാപിച്ച വിവരവും വേഗപരിധി സംബന്ധിച്ചുമുള്ള വിവരങ്ങളും അറിയിച്ചത്. അൽ റീം ഐലൻഡിൽ മുമ്പ് വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററായിരുന്നു. പുതിയ വേഗത സംബന്ധിച്ച കണക്കുകൾ അബുദാബി പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നത് ഗതാഗത സുരക്ഷ മെച്ചപ്പെടുത്താനും അപകടങ്ങൾ തടയാനും സഹായിക്കുമെന്നും അതിനാൽ വാഹനമോടിക്കുന്നവർ വേഗത നിയന്ത്രിക്കണമെന്നും എല്ലാ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
അബുദാബിയിലെ സ്വീഹാൻ റോഡിൽ – അൽ ഫലാഹ് പാലം മുതൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള വേഗപരിധി 140 കിലോമീറ്ററിൽ നിന്ന് ജൂൺ 4 മുതൽ 120 കിലോമീറ്ററായി കുറച്ചിരുന്നു. അബുദാബി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാന ഹൈവേകളിൽ പരമാവധി വേഗത മണിക്കൂറിൽ 140 കിലോമീറ്ററും ഏറ്റവും കുറഞ്ഞ വേഗത 120 കിലോമീറ്ററും ആയിരിക്കും.