പുനരുപയോഗ ഊര്‍ജ പദ്ധതികൾ വിപുലമാക്കാന്‍ ഇന്ത്യയും യുഎഇയും തമ്മില്‍ ധാരണ. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. കാര്‍ഷിക ഭക്ഷ്യ സംസ്കരണ മേഖലയിലും സഹകരണം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. കഴിഞ്ഞ ആഴ്ച ഇന്ത്യയും യുഎഇയും തമ്മില്‍ നടന്ന ഉന്നത തല ചര്‍ച്ചയിലാണ് സമഗ്ര സാമ്പത്തീക പങ്കാളിത്ത കരാറിന്‍റെ കൂടുതല്‍ സാധ്യതകൾ പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചത്.
പാരമ്പര്യേത ഊര്‍ജ മേഖലയുടെ ശേഷി 450 ജിഗാ വാട്ട് ആയി വര്‍ദ്ധിപ്പിക്കാനുളള ഇന്ത്യയുടെ പ്രവര്‍ത്തനങ്ങൾക്ക് യുഎഇ പിന്തുണ നല്‍കും. സാങ്കേതിക വിദ്യകളുടെ കൈമാറ്റം, യോജിച്ച ഗവേഷണം തുടങ്ങിയവയില്‍ സഹകരണം ഉറപ്പാക്കും. സൗരോര്‍ജ മേഖലയിലെ സഹകരണവും മെച്ചപ്പെടുത്തും. ഹരിത ഹൈഡ്രജന്‍ സംരഭങ്ങൾക്കും തുടക്കം കുറിയ്ക്കും
യുഎഇ വ്യവസായ മന്ത്രി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബറിന്റെ നേതൃത്വത്തിലുള്ള യുഎഇ ഉന്നതതല സംഘം ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായും പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവുമായും നടത്തിയ ചര്‍ച്ചകളിലാണ് കൂടുതല്‍ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിന് ധാരണയായത്.