പ്രശസ്ത വാഹന ലൂബ്രിക്കന്റ് ഓയിൽ ബ്രാൻഡിന്റെ ലോഗോ അനധികൃതമായി ഉപയോഗിച്ചതിന് രണ്ട് പേർക്കെതിരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. കാർ ഓയിലുകളിൽ സ്പെഷ്യലൈസ് ചെയ്ത പ്രശസ്ത ബ്രാൻഡിന്റെ സ്റ്റിക്കറുകൾ ദുരുപയോഗിച്ച് വ്യാജ ഓയില്‍ വിറ്റെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പൊലീസ് നടപടി.
വ്യാജ എണ്ണ നിറച്ച പായ്ക്കറ്റുകളിൽ പ്രതികൾ പ്രമുഖ കമ്പനിയുടെ സ്റ്റിക്കറുകൾ പതിച്ചാണ് വിപണിയിൽ വിറ്റത്. പ്രതികളെ പിടികൂടിയ സിഐഡി സംഘം വിൽപനയ്ക്കായി തയാറാക്കിയ 2500 വലിയ ഓയില്‍ പായ്ക്കറ്റുകളും പിടിച്ചെടുത്തു.
അംഗീകൃത ഏജന്റുമാരുടെ ആസ്ഥാനത്തിന് പുറത്ത് രേഖകൾ ഇല്ലാതെ കാർ ഓയിൽ വിൽക്കുന്ന ചിലരെക്കുറിച്ച് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടര്‍ അന്വേഷണില്‍ വ്യാജ ലേബലുകൾ പതിക്കുന്ന കടയുണ്ടെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.
വ്യാജ ലേബല്‍ മാഫിയകളെ കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. സമാന തട്ടിപ്പുകൾക്കെതിരേ വരും ദിവസങ്ങളിലും പരിശോധനകൾ തുടരും. വ്യാജ ബ്രാൻഡുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും വാഹനങ്ങൾക്ക് ദോഷകരമായേക്കാമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.