യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡിട്ട് ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളം. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ മാസം ഹമദ് വിമാനത്താവളം വഴി 32,81,487 പേരാണ് യാത്രചെയ്തത്. എന്നാൽ കഴിഞ്ഞ വർഷം ഏപ്രിലിൽ 25,05,025 പേർ മാത്രമായിരുന്നു ഇതുവഴി യാത്ര ചെയ്തത്.
ഇതുവഴി കടന്നുപോയ വിമാനത്തിന്റെ എണ്ണത്തിലും 14.3% വർധനവുണ്ട്. കഴിഞ്ഞ മാസം 18,762 വിമാനങ്ങളാണ് ഇതുവഴി വന്നുപോയതെങ്കിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ ഇത് 16,411 വിമാനങ്ങൾ ആയിരുന്നു. എന്നാൽ കാർഗോ, മെയിൽ എന്നിവയുടെ കാര്യത്തിൽ ഗണ്യമായ കുറവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇത് 2,03,261 ടൺ ആയിരുന്നത് ഇത്തവണ 1,86,302 ടൺ ആണ്. ഏപ്രിലിൽ രാജ്യത്ത് എത്തിയവരിൽ കൂടുതലും ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അതേസമയം കഴിഞ്ഞ ഫെബ്രുവരിയിൽ 21,900 പേർ മാത്രമാണ് ജിസിസിയിൽ നിന്നെത്തിയത്.
ഒക്ടോബറിൽ 6 മാസം നീളുന്ന രാജ്യാന്തര ഹോർട്ടികൾചറൽ എക്സ്പോയ്ക്ക് ഖത്തർ ആതിഥേയത്വം വഹിക്കുമെന്നതിനാൽ ഒക്ടോബർ മുതൽ രാജ്യത്ത് എത്തുന്ന സന്ദർശകരുടെ എണ്ണം കൂടും. മാത്രമല്ല ഒക്ടോബറിൽ നടക്കുന്ന ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രി, ഖത്തർ ജനീവ മോട്ടർ ഷോ എന്നിവയിലേക്കും കൂടുതൽ രാജ്യാന്തര സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.