ഖത്തറിൽ നാളെ മുതൽ പൊടിക്കാറ്റ് രൂക്ഷമാകും. ആഴ്ചയുടെ അവസാനം വരെ കാറ്റ് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. പൊടിക്കാറ്റ് രൂക്ഷമാകുന്നതോടെ വാഹനയാത്രക്കാർക്ക് ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
നാളെ മുതൽ വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. മണിക്കൂറിൽ 30 നോട്ടിക്കൽ മൈൽ വേഗത്തിലാകും കാറ്റ് വീശുക. പൊടിക്കാറ്റിനോടൊപ്പം വേനൽച്ചൂട് ശക്തിപ്രാപിക്കുന്നതിനാൽ പകൽ താപനില 35 ഡിഗ്രിക്കും 45 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
ആസ്ത്മ, അലർജി എന്നീ പ്രശ്നങ്ങളുള്ളവർ പുറത്തിറങ്ങുന്നതും നേരിട്ട് പൊടിയേൽക്കുന്നതും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പൊടിക്കാറ്റ് ശക്തമാകുന്നത് വിമാന സർവ്വീസുകളെ പ്രതികൂലമായി ബാധിക്കുമോയെന്നത് സംബന്ധിച്ച വിലയിരുത്തലിലാണ് അധികൃതർ. കാറ്റിൽ പൈലറ്റുമാരുടെ കാഴ്ച തടസപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ വർഷം ഖത്തറിൽ വിമാനസർവ്വീസുകൾ നിർത്തിവെച്ചിരുന്നു.