ദുബായ് പൊലീസിൻ്റെ വാഹന ശേഖരത്തിലേയ്ക്ക് രണ്ട് ടെസ്ല കാറുകൾ കൂടി എത്തി. എമിറേറ്റിലെ വിനോദ കേന്ദ്രങ്ങളിലായിരിക്കും ടെസ്ല പൊലീസിൻ്റെ സാന്നിധ്യം ഉണ്ടാവുക.
ദുബായിലെ ടൂറിസ്റ്റ് മേഖലകളിലും മറ്റ് സ്ഥലങ്ങളിലും ഗതാഗതം ക്രമീകരിക്കുന്നതിനും ക്രമസമാധാന പാലനത്തിലും സുരക്ഷയ്ക്കുമായാണ് പുതിയ വാഹനങ്ങൾ ഉപയോഗിക്കുക. ട്രാഫിക് മാനേജ്മെൻ്റും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യകളും സ്മാർട്ട് സംവിധാനങ്ങളും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഉൾപ്പെടുത്തിയ വാഹനങ്ങളാണ് ദുബായ് പൊലീസ് സ്വന്തമാക്കിയിരിക്കുന്നത്.
നൂതന സാങ്കേതിക വിദ്യയുള്ള ആധുനിക വാഹനങ്ങൾ ദുബായിയുടെ സുരക്ഷയ്ക്കായി ഉപയോഗപ്പെടുത്താനുള്ള പൊലീസിൻ്റെ ശ്രമത്തിൻ്റെ ഭാഗമായാണ് പുതിയ പട്രോളിങ് വാഹനം സ്വന്തമാക്കിയതെന്ന് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു.