ബഹ്റൈനില്‍ പാര്‍ലെമന്റ് തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് നടന്ന പ്രചാരണങ്ങൾ അവസാനഘട്ടത്തിലേക്ക്. ശനിയാഴ്ചയാണ് നാല്‍പ്പതാമത് പാർലിമെന്റ് മണ്ഡലങ്ങളിലേക്കും നാല് മുനിസിപ്പൽ കൗൺസിലുകളിലേക്കും വോട്ടെടുപ്പ് നടക്കുക.
നവംബർ 12ന് രാവിലെ 8 മണി മുതൽ വൈകിട്ട് 8 മണിവരെയാണ് വോട്ടെടുപ്പ്. റീപോളിംഗ് ആവശ്യമായി വന്നാല്‍ നവംബര്‍ 19 നടത്താനാണ് തീരുമാനം. വിദേശത്തുളള ബഹ്റൈന്‍ പൗരന്‍മാര്‍ക്ക് നവംബര്‍ എട്ടിന് ബഹ്റൈൻ എംബസി, കോൺസുലേറ്റ്, നയതന്ത്രമിഷൻ എന്നിവിടങ്ങളില്‍ വോട്ട് ചെയ്യാനുളള അവസരവും ഒരുക്കിയിട്ടുണ്ട്.
നിലവിലുളള പാര്‍ലമെന്‍റ് അംഗങ്ങൾക്ക് പുറമെ എതിര്‍ പക്ഷക്കാരും പുതുമുഖങ്ങളും അങ്കത്തിനിറങ്ങിയതോടെ വോട്ടെടുപ്പിന്‍റെ വീറും വാശിയും ഉയരുകയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് സ്ഥാനാർഥികൾ വ്യക്തിപരമായി മത്സര രംഗത്തുളളതാണ് വാശി വര്‍ദ്ധിപ്പിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തനത്തേക്കാൾ സ്വാതന്ത്ര്യരായി മത്സരരംഗത്തെത്തിയ സ്ഥാനാര്‍ത്ഥികളുടെ എണ്ണം ഇക്കുറി കൂടുതലാണ്.
തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം രാജ്യത്തുടനീളം സ്ഥാനാര്‍ത്ഥികൾ ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. ചെറുതും വലുതുമായ 18,000 ത്തോളം ബോർഡുകൾ വിവിധയിടങ്ങളിലായി സ്ഥാപിച്ചതായാണ് കണക്കുകൾ. 225 തെരഞ്ഞെടുപ്പ് പ്രചാരണ കേന്ദ്രങ്ങളും സജീവമാണ്. എന്നാല്‍ സമൂഹ മാധ്യമങ്ങൾ വഴിയാണ് കൂടുതല്‍ പ്രചരണങ്ങളും ഉണ്ടായത്.