ഷാർജയിൽ സിറ്റി ചെക്ക് ഇൻ സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ. അൽ മദീന ഷോപ്പിങ് സെന്ററിന് എതിർ ഭാഗത്ത് മുവെയ്ലയിലാണ് സിറ്റി ചെക്ക് ഇൻ സർവ്വീസ് ആരംഭിച്ചത്. രാവിലെ 10 മണി മുതൽ രാത്രി 10വരെയാണ് കേന്ദ്രം പ്രവർത്തിക്കുക. വിമാനത്താവളത്തിലെ ചെക്ക് ഇൻ നടപടികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്.
സിറ്റി ചെക്ക് ഇൻ സർവ്വീസിലൂടെ യാത്രക്കാർക്ക് യാത്രയുടെ 24 മണിക്കൂർ മുൻപ് മുതൽ 8 മണിക്കൂർ മുൻപ് വരെ ചെക്ക് ഇൻ ചെയ്യാൻ സാധിക്കും. ചെക്ക് ഇൻ ചെയ്ത് ലഗേജും അയച്ച് ബോർഡിങ് പാസും വാങ്ങിയാൽ യാത്രയുടെ ഒരു മണിക്കൂർ മുൻപ് മാത്രം വിമാനത്തവാളത്തിൽ എത്തിയാൽ മതി. ഇതുവഴി വിമാനത്താവളത്തിൽ വളരെ നേരം കാത്തിരിക്കുന്നത് യാത്രക്കാർക്ക് ഒഴിവാക്കാൻ സാധിക്കും.
വിമാനത്താവളത്തിലെ ചെക്ക് ഇന്നിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും സിറ്റി ചെക്ക് ഇന്നിലും ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് അവരുടെ ലഗേജുകൾ ചെക്ക് ഇൻ കേന്ദ്രത്തിൽ നേരിട്ട് നൽകി ബോർഡിങ് പാസ് വാങ്ങാൻ സാധിക്കും. അധിക ബാഗേജ് ആവശ്യമായവർക്ക് പണം നൽകി വാങ്ങാനും ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാനും സാധിക്കും. ഷാർജയിൽ നിന്ന് പുറപ്പെടുന്നവർക്ക് ഷാർജ, റാസൽഖൈമ, അജ്മാൻ, അൽഐൻ എന്നിവിടങ്ങളിലെ 6 സിറ്റി ചെക്ക് ഇൻ കേന്ദ്രങ്ങളിൽ സൗകര്യാർത്ഥം എവിടെ നിന്ന് വേണമെങ്കിലും ബോർഡിങ് പാസ് വാങ്ങാനും സാധിക്കും.