യുഎഇയിലുടനീളം ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനുകളിൽ സഞ്ചരിക്കാൻ ഇനി മുതൽ നിങ്ങൾക്ക് നോൽ കാർഡുകൾ ഉപയോഗിക്കാം. ലോക ഗവൺമെൻ്റ് ഉച്ചകോടിയുടെ ഭാഗമായി ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർടിഎ) യുഎഇയുടെ ദേശീയ റെയിൽവേ ശൃംഖലയുടെ ഡെവലപ്പറും ഓപ്പറേറ്ററുമായ എത്തിഹാദ് റെയിലും ധാരണാപത്രത്തിൽ ഒപ്പുവെച്ചതോടെയാണ് ഈ നീക്കം സാധ്യമായത്.
യുഎഇയിലുടനീളമുള്ള ഇത്തിഹാദ് റെയിലിൻ്റെ യാത്രക്കാർക്ക് ടിക്കറ്റ് റിസർവേഷനും പേയ്മെൻ്റ് സംവിധാനവും ഇതിലൂടെ ലഭ്യമാകുമെന്ന് ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് പറഞ്ഞു.
2009 സെപ്റ്റംബറിലാണ് നോൽ കാർഡ് സംവിധാനം നിലവിൽ വന്നത്. അതിന് ശേഷം 30 ദശലക്ഷത്തിലധികം കാർഡുകളാണ് വിറ്റഴിഞ്ഞത്.
ഇപ്പോൾ സജീവമായ നോൾ ഉപയോക്താക്കളുടെ എണ്ണം അഞ്ച് ദശലക്ഷം കവിഞ്ഞു. നിലവിലുള്ള നോൾ സിസ്റ്റം നവീകരിക്കുന്നതിനുള്ള ഒരു പ്രോജക്റ്റ് ആർടിഎ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം അൽ സിലയിൽ നിന്ന് ഫുജൈറയിലേക്ക് 11 നഗരങ്ങളെ ബന്ധിപ്പിക്കുന്ന യുഎഇയുടെ റെയിൽ പാസഞ്ചർ സർവീസുകളുടെ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.2030 ആകുമ്പോഴേക്കും യാത്രക്കാരുടെ എണ്ണം പ്രതിവർഷം 36.5 ദശലക്ഷത്തിലധികം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നു.