കാണികൾ തീർത്തും ശുഷ്കം. ലോകകപ്പ് ക്രിക്കറ്റിൻ്റെ ഉദ്ഘാടനവേദിയിൽ കാണികളുടെ എണ്ണം കുറഞ്ഞതിനെ വിമർശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ രംഗത്ത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങുകൾക്കും ആദ്യ മത്സരത്തിനും കാണികൾ കുറഞ്ഞതാണ് വിമർശനത്തിന് കാരണം.
ഓന്നേകാൽ ലക്ഷം കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഗാലറിയിൽ ആകെയെത്തിയ് പതിനായിരത്തിനടുത്ത് കാണികളെന്നാണ് റിപ്പോർട്ട്. ഒഴിഞ്ഞ ഗാലറിക്കു മുന്നിൽ ഇംഗ്ലണ്ടിനും ന്യൂസിലൻഡിനും ആദ്യപോരാട്ടത്തിന് ഇറങ്ങേണ്ടിവന്നെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു. ടെലിഗ്രാഫ്, ഡെയ്ലിമെയിൽ തുടങ്ങിയ മാധ്യമങ്ങളാണ് വിമർശനവുമായി ആദ്യം രംഗത്തെത്തിയത്.
തുടക്കത്തിൽ അയ്യായിരത്തിൽ താഴെ കാണികൾ മാത്രമാണുണ്ടായതെന്ന് ‘വിസ്ഡൺ ക്രിക്കറ്റ്’ എഡിറ്റർ ലോറൻസ് ബൂത്ത് ‘എക്‌സി’ൽ കുറിച്ചതും സംഘാടർക്ക് തിരിച്ചടിയായി. ലോകത്തെ ഏറ്റവും വലിയ സ്‌റ്റേഡിയമായിട്ടും കാണികൾ ശുഷ്കമാവുകയായിരുന്നു. ഉദ്ഘാടന ചടങ്ങുകളിൽ ആതിഥേയ രാജ്യമായ ഇന്ത്യയെ പരിഗണിക്കാഞ്ഞതും വിമർശനത്തിന് ഇടയാക്കി.
എന്നാൽ ഇന്ത്യ പാക് മത്സരത്തിന് ഉൾപ്പടെ വരും ദിവസങ്ങളിൽ റെക്കൊർഡുകാണികൾ എത്തിച്ചേരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.വാശിയേറിയ ആദ്യ മത്സരത്തിൽ ഇംഗ്ളണ്ടിനെ പരാജയപ്പെടുത്തിയ ന്യൂസിലൻഡ് കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോൽവിയ്ക്ക് പകരം വീട്ടികയായിരുന്നു.