വനിത ട്വൻ്റി 20 ലോകകപ്പിന് റെക്കോർഡ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐ.സി.സി. 79,58,080 ഡോളറാണ് ലോകകപ്പ് പ്രൈസ് പൂളിന് മുഴുവനായി ഐ.സി.സി വാഗ്ദാനം ചെയ്തിരിക്കുന്നത്. പുരുഷ ക്രിക്കറ്റും വനിതാ ക്രിക്കറ്റുമായുള്ള അന്തരം കുറക്കുന്നതിന്റെ ഭാഗമായാണ് ഐ.സി.സിയുടെ ഈ തീരുമാനം.
യുഎഇയിൽ വെച്ച് അടുത്ത മാസമാണ് വനിത ട്വൻ്റി 20 നടക്കുന്നത്. വിജയിക്കുന്നവർക്ക് 2.34 മില്യൺ ഡോളറാണ് ലഭിക്കുക. 1.17 മില്യൺ ഡോളറാണ് ഇത്തവണ രണ്ടാം സ്ഥാനത്ത് എത്തുന്നവർക്ക് ലഭിക്കുക. സെമി ഫൈനലിൽ എത്തുന്ന ടീമുകൾക്ക് 6,75,000 ഡോളറും ലഭിക്കും. 2023-ൽ നൽകിയതിനേക്കാൾ ഇരട്ടിയിൽ കൂടുതലാണ് ഇത്തവണത്തെ സമ്മാനത്തുക.
പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സമ്മാനത്തുകയുണ്ടാകുമെന്നും ഐ.സി.സി അറിയിച്ചു. 1,12,500 ഡോളർ എല്ലാ ടീമുകൾക്കും ലഭിക്കും. 5 മുതൽ 8 വരെ സ്ഥാനത്ത് എത്തുന്നവർക്ക് 2,70,000 ഡോളർ ലഭിക്കുമ്പോൾ 9, 10 സ്ഥാനത്ത് എത്തുന്നുവർക്ക് 135.000 ഡോളറുമാണ് ലഭിക്കുക.