ലോറിയിൽ നിന്നും കരിങ്കല്ല് തെറിച്ചുവീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് സഹായം നൽകാമെന്ന് അറിയിച്ച് അദാനി ഗ്രൂപ്പ്. ഒരു കോടി രൂപ സഹായം നൽകാമെന്ന് അദാനി ഗ്രൂപ്പ് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. അനന്തുവിന്റെ വീട്ടിൽ നേരിട്ടെത്തിയാണ് അദാനി പോർട്ട് അധികൃതർ വിവരമറിയിച്ചത്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചു വീണായിരുന്നു അനന്തു മരിച്ചത്.
നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു മരിച്ച അനന്തു. മുക്കോല-ബാലരാമപുരം റോഡിൽ മണലിവിള മുള്ളുമുക്കിലെ റോഡിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അനന്തുവിന് അപകടം നടന്നത്. കോളജിൽ പോകാനായി ബാലരാമപുരത്തേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു അനന്തു. എതിർ ദിശയിൽ നിന്നുവരികയായിരുന്ന ലോറിയിൽ അമിതമായി കരിങ്കല്ലു കയറ്റിയിരുന്നു. ഇതിൽ നിന്ന് കല്ല് റോഡിലൂടെ ബൈക്കിൽ വരികയായിരുന്ന അനന്തുവിന്റെ മേൽ വീഴുകയായിരുന്നു.
അതിൽ നിന്നു തെറിച്ചുവന്ന വലിയകല്ല് അനന്തുവിന്റെ തലയുടെ മുൻഭാഗത്ത് ഇടിച്ച് നെഞ്ചിൽ പതിച്ചു. ഇതിന് ശേഷം കല്ല് സ്കൂട്ടറിന്റെ ഹാൻഡിലിൽ വീഴുകയായിരുന്നു. അതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ സമീപത്തെ മതിലിൽ ഇടിച്ചു മറിയുകയും ചെയ്തു. അദാനി തുറമുഖത്തിനായി ടെട്രാപോഡ് നിർമ്മിക്കുന്ന കേന്ദ്രത്തിന് മുന്നിലെ റോഡിലെ കുഴിയിൽ വീണതാണ് ലോറിയിൽ നിന്നു കരിങ്കല്ല് തെറിച്ചു വീഴാൻ കാരണമായത്.