വിമാനം പറത്താൻ പൈലറ്റുമാരില്ലാതെ പ്രവർത്തനം താളം തെറ്റി വിസ്താര എയർലൈൻസ്. ഗുഡ്ഗാവ് ആസ്ഥാനമായുള്ള ഇന്ത്യന്‍ വിമാന കമ്പനിയാണ് വിസ്താര. തുടർച്ചയായ രണ്ടാം ദിവസവും പ്രവര്‍ത്തനം താറുമാറായി. മുംബൈ, ഡൽഹി, ബംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്നുള്ള 38ഓളം സർവിസുകളാണ് ചൊവ്വാഴ്ച രാവിലെയോടുകൂടി കമ്പനി റദ്ദാക്കിയത്.
മതിയായ പൈലറ്റുമാരോ ക്രൂ ജീവനക്കാരോ ഇല്ലാത്തതിനാൽ തിങ്കളാഴ്ച 50 വിമാന സർവിസുകൾ റദ്ദാക്കിയിരുന്നു. മാത്രമല്ല, 160 സർവിസുകൾ വൈകുകയും ചെയ്തിരുന്നു. പലരും യാത്രയ്ക്കായി വിമാനത്താവളത്തിൽ എത്തുമ്പോഴാണ് സർവിസ് റദ്ദാക്കിയ വിവരം അറിയുന്നത്. ഇത് വ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. വിമാനം റദ്ദാക്കിയെന്നോ വയ്കുമെന്നോ ഉള്ള മുന്നറിയിപ്പ് നേരത്തെ നൽകാത്തതും വിമാനത്താവളത്തിൽ മണിക്കൂറുകളുടെ കാത്തിരിപ്പും സംബന്ധിച്ച് യാത്രക്കാർ പരാതിപ്പെട്ടിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 100 ഇൽ അധികം വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്. വിമാന ജീവനക്കാരുടെ അഭാവം ഉള്‍പ്പെടെ വിവിധ കാരണങ്ങളാലാണ് ഇത് സംഭവിച്ചതെന്ന് വിസ്താര കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും കമ്പനി കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
മുംബൈയിൽ നിന്നുള്ള 15 സർവിസുകളും ഡൽഹിയിൽ നിന്നുള്ള 12 സർവിസുകളും ബംഗളൂരുവിൽ നിന്നുള്ള 11 സർവിസുകളുമാണ് ചൊവ്വാഴ്ച മാത്രം റദ്ദാക്കിയത്. അതുകൊണ്ട് തന്നെ താൽകാലികമായി വിമാന സര്‍വിസുകളുടെ എണ്ണം കുറയ്ക്കാനാണ് കമ്പനിയുടെ നിലവിലെ തീരുമാനം. ഇതിന് പകരം യാത്രക്കാര്‍ക്ക് മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും അതല്ലെങ്കില്‍ പണം തിരികെ നല്‍കുമെന്നും കമ്പനി അറിയിച്ചു.