ഖത്തറിലെത്തുന്ന പ്രവാസികൾ രാജ്യത്തേക്ക് പ്രവേശിച്ച് 30 ദിവസത്തിനകം വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ വൻതുക പിഴ ഈടാക്കുമെന്ന് മുന്നറിപ്പ്. വിസ ഉറപ്പാക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണെന്നും അല്ലാത്തപക്ഷം, 10,000R ഖത്തർ റിയാൽ വരെ പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പിഴയ്ക്ക് പുറമെ ജുഡീഷ്യറിയിൽ നിന്നുള്ള നടപടികൾക്കും വിധേയരാക്കാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു. പ്രവാസികളുടെ എൻട്രി, എക്സിറ്റ്, താമസം എന്നിവ നിയന്ത്രിക്കുന്ന 2015 ലെ 21ആം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ (10) പ്രകാരമാണ് നടപടികൾ എടുക്കുക. പ്രവാസി രാജ്യത്ത് പ്രവേശിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ റെസിഡൻസ്/വിസിറ്റ് പെർമിറ്റ് നേടാൻ തൊഴിലുടമ പ്രവാസിക്ക് സൗകര്യമൊരുക്കണമെന്നാണ് നിയമം.
വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ പ്രവാസിക്ക് രാജ്യത്ത് തുടരാൻ സാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വൈകുന്ന ഓരോ ദിവസത്തിനും ആനുപാതികമായി പിഴ ഈടാക്കുന്ന തരത്തിൽ ആർട്ടിക്കിൾ (42) ഭേതഗതി ചെയ്യുമെന്നും അധികൃതർ സൂചിപ്പിച്ചു.