ന്യൂമോണിയ ബാധിച്ച് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ഇന്ന് രാവിലെ മന്ത്രിയെത്തിയത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു.
മന്ത്രി വീണാ ജോർജ് ചികിത്സിക്കുന്ന ഡോക്ടർമാരുമായി സംസാരിച്ചു. മെഡിക്കൽ ബോർഡിൻ്റെ മേൽനോട്ടത്തിൽ തുടർ ചികിത്സ ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നും ശ്വാസകോശ സംബന്ധമായ അസുഖമാണെന്നും മരുന്നുകൾ നൽകുന്നുണ്ടെന്നും ഇന്നലത്തേക്കാൾ ഭേദം ഉണ്ടെന്നും ഡോക്ടർ മഞ്ജു തമ്പി പറഞ്ഞു.
ന്യൂമോണിയയെ തുടർന്നു ഇന്നലെ വൈകിട്ടാണ് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ നിഷേധിക്കുന്നു എന്ന് ആരോപിച്ച് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് വിവാദമായിരുന്നു. നിംസ് ആശുപത്രിയിലെ ചികിത്സക്ക് ശേഷം ഉമ്മൻ ചാണ്ടിയെ വീണ്ടും ബാംഗ്ലൂരുവിലേക്ക് തുടർ ചികിത്സക്ക് കൊണ്ട് പോകാൻ ആണ് നീക്കം.