മൊറോക്കോ ഭൂകമ്പത്തിലും ലിബിയയിലെ വെളളപ്പൊക്കത്തിലും ഉണ്ടായ രണ്ട് ദുരിതങ്ങളിൽ ദുഃഖിതരായ കുടുംബങ്ങളെ സഹായിക്കാൻ യുഎൻ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് യുഎൻ ഉന്നത സഹായ ഉദ്യോഗസ്ഥൻ മാർട്ടിൻ ഗ്രിഫിത്ത്‌സ് അറിയിച്ചു. ഇരു രാജ്യങ്ങളിലെയും ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
മൊറോക്കോയിലെ അറ്റ്‌ലസ് പർവതനിരയെ പിടിച്ചുകുലുക്കിയ ഭൂകമ്പം റിപ്പോർട്ട് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ജനീവയിൽ നിന്ന് 15 പേരടങ്ങുന്ന ദുരന്ത നിവാരണ, ഏകോപന (UNDAC) ടീം മെറോക്കോയിലേക്ക് തിരിച്ചിരുന്നു. സമാനമായി ലിബിയയിലെ മാരകമായ വെള്ളപ്പൊക്കത്തിനോടും യുഎൻ അടിയന്തിര മാനുഷിക പ്രതികരണമാണ് നടത്തിയത്.
മൊറോക്കോയിൽ ഭൂകമ്പത്തിൽ മൂവായിരത്തോളം പേർ കൊല്ലപ്പെട്ടതായി യുഎൻ എമർജൻസി റിലീഫ് കോർഡിനേറ്റർ പറഞ്ഞു. ലിബിയയിലെ വെളളപ്പൊക്കം 900,000 ആളുകളെയാണ് ബാധിച്ചത്.ദുരന്തവ്യാപ്തിയുടെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.ശരിയായ ആളുകൾക്ക് ശരിയായ സമയത്ത് ശരിയായ സഹായം ലഭിക്കുന്നത് യുഎൻ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത മൂന്ന് മാസത്തേക്ക് 250,000 ആളുകളെ ലക്ഷ്യമിട്ട് 71 മില്യൺ യുഎസ് ഡോളറിൽ സഹായം ലിബിയയിലെത്തിക്കും. പാർപ്പിടം, ഭക്ഷണം, ശുദ്ധജലം, ശുചിത്വം, പ്രധാന പ്രാഥമിക വൈദ്യസഹായം തുടങ്ങി വിവിധ ആവശ്യങ്ങൾക്കാണ് തുക വിനിയോഗിക്കുകയെന്നും ഗ്രിഫിത്ത്സ് കൂട്ടിച്ചേർത്തു.