ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്ത് എലിസബത്ത് രാജ്ഞി അന്തരിച്ചതോടെ ഇനി ‘ലണ്ടൻ ബ്രിഡ്ജ് ഈസ് ഡൌൺ ‘ എന്ന കോഡിൽ മാറ്റം വന്നു.സ്കോട്ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ മരണം സംഭവിച്ചതിനാൽ ഇനി ‘ഓപ്പറേഷൻ യൂണികോൺ’എന്നറിയപ്പെടുന്ന നടപടിക്രമങ്ങളാണ് പിന്തുടരുക. ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന് മരണ സന്ദേശമെത്തിയതോടെ ലണ്ടനില എല്ലാ പള്ളികളിലും മണികൾ നിർത്താതെ അൽപസമയം മുഴങ്ങി. ഇനി പത്ത് ദിവസത്തേക്ക് പാർലമെൻ്റ് നടപടികളുണ്ടാകില്ല. യുകെ മുഴുവനും സമ്പൂർണമായി ദുഃഖമാചരിക്കും. ഇതോടെ ബ്രിട്ടൻ്റെ ദേശീയ ഗാനം, കറൻസി, പാസ്പോർട്ട്, പൊലീസ് യൂണിഫോം എന്നിവയും മാറും.
‘ലണ്ടൻ ബ്രിഡ്ജ് ഈസ് ഡൌൺ ‘ മാർഗരേഖ അനുസരിച്ച് യുകെയിൽ എല്ലായിടത്തും പതാക താഴ്ത്തിക്കെട്ടി. ബക്കിംഗ്ഹാം കൊട്ടാരത്തിൻ്റെ ഗേറ്റിൽ ഔദ്യോഗിക അറിയിപ്പ് പതിച്ച് വെബ്സൈറ്റിൽ കറുത്ത പശ്ചാത്തലത്തിൽ മരണവിവരം സ്ഥിരീകരിച്ചുള്ള അറിയിപ്പ് നൽകി. പുതിയ നടപടിക്രമം നിലവിൽ വന്നതോടെ രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകൾ ‘ഓപറേഷൻ യൂണികോൺ’ പ്രകാരമാകും നടക്കുക. സ്കോട്‌ലൻഡിലെ ദേശീയ മൃഗം യൂണികോൺ ആണ്. കൂടാതെ ഇംഗ്ലണ്ടിലെ ദേശീയ ചിഹ്‍നമായ സിംഹത്തോടൊപ്പം രാജകീയ അങ്കിയുടെ ഭാഗവുമാണ് യൂണികോൺ.
സ്കോട്‌ലൻഡിൽ ആയിരിക്കുമ്പോൾ ബ്രിട്ടിഷ് രാജ്ഞി മരിച്ചതിനാൽ പാർലമെൻ്റ്, രാജ്ഞിയുടെ എഡിൻബർഗിലുള്ള ഔദ്യോഗിക വസതിയായ ഹോളിറൂഡ്ഹൗസ് കൊട്ടാരം, സെൻ്റ് ഗിൽസ് കത്തീഡ്രൽ എന്നിവയായിരിക്കും പ്രധാന കേന്ദ്രങ്ങളെന്ന് ‘ദ് ഹെറാൾഡ്’ ദിനപത്രം റിപ്പോർട്ട് ചെയ്‌തു. സ്കോട്ടിഷ് തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട മധ്യകാല പള്ളികളിൽ ഒന്നാണ് സെൻ്റ് ഗിൽസ് കത്തീഡ്രൽ. ‘ഓപറേഷൻ യൂണികോൺ’ പ്രകാരം ബ്രിട്ടിഷ് രാജ്ഞിയുടെ ഭൗതികശരീരം സംസ്കാര ചടങ്ങുകൾക്കായി ഹോളിറൂഡ്ഹൗസ് കൊട്ടാരത്തിലേക്കു കൊണ്ടുവരുമെന്നാണ് ദ് ഹെറാൾഡ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്.