യുഎഇയിൽ ക്രിസ്മസ്, പുതുവത്സര ഒരുക്കങ്ങൾ തുടങ്ങി. സ്കൂളുകൾക്ക് ശൈത്യകാല അവധി കൂടി അടുത്തെത്തിയതോടെ ആഘോഷങ്ങൾ വിപുലമാക്കാനുള്ള തിരക്കിലാണ് എല്ലാവരും.
സ്കൂളുകളിൽ വെള്ളിയാഴ്ചയാണ് ശൈത്യകാല അവധിക്കുമുൻപുള്ള അവസാന പ്രവൃത്തിദിനം. ഉത്സവസീസണിലെ ഉയർന്ന വിമാനടിക്കറ്റ് നിരക്കുമൂലം ഒരുവിഭാഗം ആളുകൾക്ക് നാട്ടിലേക്ക് പോകാൻ കഴിയില്ല.
ശൈത്യകാല അവധിക്കാലത്ത് വിൻ്റർ വണ്ടർലാൻഡായി ദുബായിലെ എക്സ്പോ സിറ്റി മാറും. അവധിക്കാലത്ത് കുട്ടികൾ ധാരാളമായെത്തുന്നതിനാൽ എക്സ്പോ സിറ്റിയിലെ മൊബിലിറ്റി ഡിസ്ട്രിക്ടിൽ ക്രിസ്മസ് തോരണങ്ങൾ ഉയർന്നുകഴിഞ്ഞു. 2023 ജനുവരി എട്ട് വരെ പൊതുജനങ്ങൾക്ക് ഇവിടെ സൗജന്യമായി ആസ്വദിക്കാം. വിൻ്റർ സിറ്റിയിൽ ഒപ്റ്റി എന്ന റോബോട്ട് മുതൽ സാന്താക്ലോസിനെ വരെയുണ്ട്. ഇതിനുപുറമെ മൊബിലിറ്റി ഡിസ്ട്രിക്ട്, സർ റിയൽ വാട്ടർ ഫീച്ചർ, അൽ വാസൽ പ്ലാസ എന്നിവിടങ്ങളിൽ പരമ്പരാഗത വസ്തുക്കൾ ലഭിക്കുന്ന മാർക്കറ്റ് സ്റ്റാളുകളുണ്ട്. ഉച്ചകഴിഞ്ഞ് മൂന്ന് മണിമുതൽ രാത്രി 11 വരെ ഇവിടെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കും.
കൂടാതെ ഡിസംബർ 10 മുതൽ ജനുവരി ഒന്നു വരെ രാവിലെ 10 മുതൽ രാത്രി 11 വരെയും സൗജന്യമായി സന്ദർശിക്കാം.
പുതുവത്സര രാത്രി എമിറേറ്റുകൾ വെടിക്കെട്ടും കരിമരുന്ന് പ്രയോഗവും കൊണ്ട് പ്രകാശപൂരിതമാകും. പൊതുജനങ്ങൾക്ക് സൗജന്യമായി വീക്ഷിക്കാവുന്ന വിധത്തിൽ വിവിധ കലാപരിപാടികളും നടത്താനുള്ള ഒരുക്കങ്ങളും രാജ്യം ഇതിനകം തുടങ്ങിക്കഴിഞ്ഞു.