യുഎഇ യിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് ജൂൺ 30നകം എടുത്തില്ലെങ്കിൽ പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു. പൊതു, സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരും തൊഴിൽ നഷ്ട ഇൻഷുറൻസ് എടുത്തിരിക്കണം. തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനാണ് തൊഴിൽ നഷ്ട ഇൻഷുറൻസ്. ജനുവരി ഒന്ന് മുതൽ ഇൻഷുറൻസ് എടുക്കാനുള്ള അവസരം നൽകിയിരുന്നു.
പിഴ മൂന്നുതരത്തിൽ
ഇൻഷുറൻസ് എടുക്കാത്തവരിൽ നിന്ന് ശമ്പളത്തിൽ നിന്നോ സർവീസ് ആനുകൂല്യത്തിൽ നിന്നോ പിഴത്തുക പിടിക്കും. മൂന്ന് തരത്തിലുള്ള പിഴയാണ് ഇൻഷുറൻസ് എടുക്കാത്തവർ നൽകേണ്ടത്. ജൂൺ 30നു മുൻപ് പദ്ധതിയിൽ ചേരാത്തവർക്ക് 400 ദിർഹമാണ് പിഴ. അതേസമയം പ്രീമിയം അടയ്ക്കേണ്ട ദിവസം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും തുക അടച്ചില്ലെങ്കിൽ 200 ദിർഹം പിഴ ചുമത്തും. കൂടാതെ പ്രീമിയം അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷയും നഷ്ടമാകും. അതേസമയം ഇൻഷുറൻസ് തുക ലഭിക്കുന്നതിന് തടസ്സം നിൽക്കുന്ന തൊഴിൽ ദാതാവിന് 20,000 ദിർഹം പിഴ ലഭിക്കും.
അതേസമയം ഇൻഷുറൻസ് എടുക്കുന്നവർക്ക് തൊഴിൽ നഷ്ടപ്പെട്ടാലും ലഭിച്ചുകൊണ്ടിരുന്ന ശമ്പളത്തിന്റെ 60 ശതമാനം മൂന്നു മാസം വരെ നഷ്ടപരിഹാരമായി ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒരു വർഷമെങ്കിലും പ്രീമിയം അടച്ചവർക്ക് മാത്രമേ ഇൻഷുറൻസ് തുക ലഭിക്കുകയുള്ളു. തൊഴിൽ നഷ്ടപ്പെട്ടവർ 30 ദിവസത്തിനകം അനുബന്ധ രേഖകൾ നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമർപ്പിക്കണം. 16000 ദിർഹത്തിന് താഴെയാണ് ശമ്പളമെങ്കിൽ ഒരു വർഷത്തെ നികുതി ഉൾപ്പെടെ 63 ദിർഹവും 16000 ദിർഹത്തിനു മുകളിലാണ് ശമ്പളമെങ്കിൽ ഒരു വർഷം 126 ദിർഹവുമാണ് പ്രീമിയമായി അടയ്‌ക്കേണ്ട തുക.
ഇൻഷുറൻസ് വെബ്സൈറ്റായ https://www.diniloe.ae/nsure/login/#/ വഴി പ്രീമിയം തുക അടയ്ക്കാം. മണി എക്സ്ചേഞ്ച് സെന്റർ, എടിഎം മെഷീൻ എന്നിവയിലൂടെയും പണമടയ്ക്കാനുള്ള സംവിധാനമുണ്ട്.