വിവിധ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ വ്യാപിക്കുകയാണ്. നിരവധി പേർക്ക് ഇതുവഴി പണം നഷ്ടമാകുന്നുമുണ്ട്. ഈ സാഹചര്യത്തിൽ പാസ്പോർട്ടുമായി ബന്ധപ്പെട്ട് യുഎഇയിൽ പരക്കുന്ന ഓൺലൈൻ തട്ടിപ്പിനേക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അധികൃതർ.
ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ജിഡിആർഎഫ്എ) പേരിലാണ് ഈ തട്ടിപ്പ് നടത്തുന്നത്. നിങ്ങളുടെ പാസ്പോർട്ട് ജിഡിആർഎഫ്എ റദ്ദ് ചെയ്തതായും അതിനാൽ നിങ്ങൾക്ക് യുഎഇ വിട്ട് പോകാൻ പറ്റില്ലെന്നും പറഞ്ഞ് ഫോണിലേയ്ക്ക് ഒരു സന്ദേശമെത്തുന്നതോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്.
മെസേജിനോടൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ കയറി സ്വകാര്യ വിവരങ്ങൾ നൽകണമെന്നും ഇല്ലെങ്കിൽ 50,000 ദിർഹം ഫൈൻ ലഭിക്കുമെന്നും മെസേജിൽ എഴുതിയിട്ടുണ്ടാകും. ഇത് വിശ്വസിച്ച് ലിങ്കിൽ കയറി വിവരങ്ങൾ നൽകുന്നതിന് പിന്നാലെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്യും. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ഐസിപി അധികൃതർ നിർദേശിക്കുന്നത്.
അംഗീകൃത ചാനലുകളിലൂടെയോ സ്മാർട്ട് സർവ്വീസ് പ്ലാറ്റ്ഫോമുകളിലൂടെയോ മാത്രമേ ജിഡിആർഎഫ്എ ഐസിപി സേവനങ്ങൾ ലഭ്യമാകൂ എന്നാണ് അധികൃതർ വ്യക്തമാക്കിയത്. ഇത്തരം മെസേജുകൾ പലർക്കും ലഭിക്കുന്നുണ്ട്. നിരവധി പേർക്ക് പണം നഷ്ടപ്പെടുന്നുമുണ്ട്. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അപരിചിതർക്ക് ഫോൺ വഴിയോ സന്ദേശങ്ങൾ വഴിയോ സ്വകാര്യ വിവരങ്ങൾ നൽകരുതെന്നും അധികൃതർ നിർദേശിച്ചു.