യുഎഇയിലെ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു.
2023-2024 അധ്യയന വർഷത്തേക്ക് യുഎഇയിലെ പൊതു വിദ്യാലയങ്ങളിൽ ചേരാനോ സ്വകാര്യ സ്കൂളുകളിൽ നിന്ന് മാറാനോ ആഗ്രഹിക്കുന്ന പുതിയ വിദ്യാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ മാർച്ച് 1 ന് ആരംഭിച്ചതായി അധികൃതർ അറിയിച്ചു.രാജ്യത്തിനകത്തോ വിദേശത്ത് നിന്നോ വിദ്യാർത്ഥികൾക്ക് പുതിയ അഡ്മിഷനുകൾ തെരഞ്ഞെടുക്കാനും കഴിയും.
എല്ലാ ക്ലാസുകളിലേക്കും എമിറാത്തി വിദ്യാർത്ഥികൾക്ക് പ്രത്യേകമായുളളതാണ് ഈ രജിസ്ട്രേഷൻ. 2023 മാർച്ച് 24 വരെ അവസരമുണ്ടെന്നും എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റ് (ഇഎസ്ഇ) ട്വിറ്ററിൽ അറിയിച്ചു. ഓൺലൈൻ സൈറ്റായ ese.gov.ae വഴിയും കുട്ടികളെ രജിസ്റ്റർ ചെയ്യാമെന്നും ഇഎസ്ഇ വ്യക്തമാക്കി.
അംഗീകൃത പ്രായപരിധി
ഓഗസ്റ്റ് 31നകം അംഗീകൃത പ്രായ പരിധി പൂർത്തിയായ കുട്ടികൾക്ക് മാത്രമേ കിൻ്റർഗാർട്ടൻ എൻറോൾമെൻ്റ് നേടാനാകൂവെന്നും വിദ്യാഭ്യാസ വിഭാഗം ചൂണ്ടിക്കാട്ടി.കിൻ്റർഗാർട്ടൻ KG-1ൽ ചേരുന്നതിന് വിദ്യാർത്ഥികൾക്ക് നാല് വയസ്സും KG-2 വിദ്യാർത്ഥികൾക്ക് അഞ്ച് വയസ്സും ഉണ്ടായിരിക്കണമെന്നാണ് നിർദ്ദേശം. ഗ്രേഡ്-1-ൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആറ് വയസ്സ് പ്രായമുണ്ടായിരിക്കണം. കൂടാതെ 8 വയസ്സിൽ കൂടരുതെന്നും വിദ്യാഭ്യാസ അധികാരികൾ സൂചിപ്പിച്ചു.
സ്കൂളിന് സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കാണ് അഡ്മിഷൻ ലഭിക്കുക. നിർദ്ദിഷ്ട തീയതികൾക്കുള്ളിൽ രജിസ്ട്രേഷൻ നടത്തുകയും രജിസ്ട്രേഷൻ രേഖകൾ കൃത്യസമയത്ത് സമർപ്പിക്കുകയും അധികാരികൾ അനുശാസിക്കുന്ന ആവശ്യകതകൾ നിറവേറ്റുകയും വേണമെന്നും അതോറിറ്റി വ്യക്തമാക്കി.പൊതു വിദ്യാഭ്യാസ മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനുളള നടപടികൾ തുടരുമെന്നും എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെൻ്റ് അറിയിച്ചു.