യുഎഇയിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് പിന്നാലെ മഴയുടെ മുന്നറിയിപ്പെത്തി. ഏപ്രിൽ 14 (ഞായറാഴ്ച) മുതൽ 17 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ മഴ പെയ്യുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ഈ കാലയളവിൽ രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശത്തിലുണ്ട്.
14-ന് അബുദാബി, അൽ ഐൻ, ഫുജൈറ തുടങ്ങിയ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഏപ്രിൽ 15, 16 തീയതികളിൽ ന്യൂനമർദ്ദത്തിന്റെ പ്രഭാവം കൂടുതലായുണ്ടാകാൻ സാധ്യതയുണ്ടെന്നും രാജ്യത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ കാലയളവിൽ ഇടിയോട് കൂടിയ മഴ, ആലിപ്പഴം പൊഴിയൽ എന്നിവയ്ക്കും സാധ്യതയുണ്ട്.
ഈ ദിവസങ്ങളിൽ കാറ്റ് കൂടുതൽ ശക്തമാകുമെന്നും രാത്രി കാലങ്ങളിൽ മഴ 80 ശതമാനത്തോളം വർധിക്കുമെന്നും കടൽ പ്രക്ഷുബ്ധമാകുന്നതിന് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അതിനാൽ രാജ്യത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ താമസക്കാരും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുള്ള പ്രദേശത്തേയ്ക്ക് പോകരുതെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ വാഹനയാത്രക്കാർ ഗതാഗത നിയമങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.