യുഎഇയിൽ ഇനി നിർമ്മാണ സാമഗ്രികളുടെ വില തോന്നിയപോലെ വർധിപ്പിക്കാമെന്ന് ആരും കരുതേണ്ട. കാരണം, അധികൃതർ നിയമങ്ങളെല്ലാം കർശനമാക്കിയിരിക്കുകയാണ്. അനിയന്ത്രിതമായ വില വർധനവ് തടയുന്നതിന്റെ ഭാഗമായി വലിയ തുക തന്നെയാണ് സാമ്പത്തിക മന്ത്രാലയം പിഴയായി ചുമത്തിയിരിക്കുന്നത്.
മുൻകൂർ അനുമതിയില്ലാതെ നിർമ്മാണ സാമഗ്രികളുടെ വില വർധിപ്പിക്കുന്ന ഏതൊരു കമ്പനിക്കും ഒരു മില്യൺ ദിർഹം വരെയാണ് പിഴ ചുമത്തുക. ജനങ്ങൾക്ക് ന്യായമായ വിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. വ്യാപാരികൾക്കിടയിലെ ന്യായമായ മത്സരം പ്രോത്സാഹിപ്പിക്കുക, കുത്തക സമ്പ്രദായങ്ങൾ തടയുക, എല്ലാ വ്യവസായ പങ്കാളികളുമായും സഹകരിച്ച് ഉപഭോക്തൃ സൗഹൃദ വിപണി ഉറപ്പാക്കുക എന്നിവയും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.
നിയമങ്ങൾ കാറ്റിൽ പറത്തി അന്യായമായി നിർമ്മാണ സാമഗ്രികളുടെ വില വർധിപ്പിക്കുന്ന കമ്പനികൾക്കെതിരെ നടപടി ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്കും ഇത് സംബന്ധിച്ച പരാതികൾ നേരിട്ട് അറിയിക്കാൻ സാധിക്കും. 8001222 എന്ന നമ്പറിലോ [email protected] എന്ന ഇ-മെയിലിലൂടെയോ പരാതികൾ അറിയിക്കാമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.