2022-ൽ ലോക രാജ്യങ്ങളിലെ അർഹതപ്പെട്ടവരെ സഹായിക്കാനായി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് 1.4 ബില്യൺ ദിർഹം (381 മില്യൺ ഡോളർ) ചെലവഴിച്ചതായി വാർഷിക റിപ്പോർട്ട്. നൂറ് രാജ്യങ്ങളിലെ 102 ദശലക്ഷം ആളുകളിലേക്ക് സഹായം എത്തിക്കാനായെന്നും റിപ്പോർട്ട് പറയുന്നു. റെക്കോർഡ് നേട്ടമാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് ഗുണഭോക്താക്കളുടെ എണ്ണം 2021നെ അപേക്ഷിച്ച് 11 ദശലക്ഷമായി ഉയർന്നു.അധികമായി മൂന്ന് രാജ്യങ്ങളിൽ കൂടി സേവനം എത്തിക്കാനായി. മാനുഷിക സഹായത്തിനും വികസനത്തിനും സാമൂഹിക പ്രവർത്തനത്തിനുമുള്ള ഏറ്റവും വലിയ പ്രാദേശിക സംവിധാനമെന്ന നിലയിൽ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് സ്ഥാനം ഉറപ്പിക്കുകയാണെന്നും റിപ്പോർട്ട് സൂചിപ്പിച്ചു.
ദുബായ് ഓപ്പറയിൽ നടന്ന പ്രത്യേക പരിപാടിക്കിടെയാണ് വാർഷിത റിപ്പോർട്ട് അവതരിപ്പിച്ചത്. യുഎഇ വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്രസ്റ്റി ബോർഡ് യോഗത്തിൽ അധ്യക്ഷത വഹിക്കുകയും 2022 വാർഷിക റിപ്പോർട്ട് അവലോകനം ചെയ്യുകയും ചെയ്തു.
യുഎഇയുടെ മാനുഷിക പങ്ക് വ്യക്തമാക്കുന്ന പ്രവർത്തനങ്ങൾ തുടരുകയാണെന്നും ദശലക്ഷക്കണക്കിന് ആളുകൾക്ക് മെച്ചപ്പെട്ട ജീവിതം സൃഷ്ടിക്കുന്നതിന് സജീവമായി സംഭാവന നൽകി വരികയാണെന്നും ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സൂചിപ്പിച്ചു.