ജൂലൈ 18 യൂണിയൻ പ്രതിജ്ഞാ ദിനമായി പ്രഖ്യാപിച്ച് യുഎഇ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. ഇതോടെ യൂണിയൻ ദിനം, പതാക ദിനം, അനുസ്മരണ ദിനം എന്നിവയ്ക്കൊപ്പം യുഎഇയിലെ നാലാമത്തെ ദേശീയ ദിനമായി ജൂലൈ 18-നെ കണക്കാക്കും.
വർഷങ്ങൾക്ക് മുമ്പ് ഒരു ജൂലൈ 18ന് യുഎഇയുടെ ചരിത്രത്തിൽ നടന്ന ഒരു സംഭവത്തെ കണക്കാക്കിയാണ് യൂണിയൻ പ്രതിജ്ഞാ ദിനം പ്രഖ്യാപിച്ചത്. ഈ ദിവസം നടന്ന ഒരു പ്രധാന യോഗമാണ് ഡിസംബർ 2, 1971-ലെ യുഎഇ ഫെഡറേഷൻ്റെ സ്ഥാപനത്തിന് വഴിയൊരുക്കിയത്. അതിന്റെ ഫലമായാണ് രാജ്യത്തിൻ്റെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദും ഭരണാധികാരികളും യുഎഇയുടെ ഔദ്യോഗിക നാമം പ്രഖ്യാപിക്കുകയും ഭരണഘടനയിൽ ഒപ്പുവെയ്ക്കുകയും ചെയ്തതത്. ഈ അവസരത്തെ അടയാളപ്പെടുത്തുന്നതിനായാണ് ജൂലൈ 18 യൂണിയൻ പ്രതിജ്ഞാ ദിനമായി പ്രഖ്യാപിച്ചത്.
രാജ്യത്തിൻ്റെ ചരിത്രത്തെക്കുറിച്ചും ഈ ചരിത്രപരമായ ഐക്യം കൈവരിക്കാൻ നടത്തിയ ത്യാഗങ്ങളെക്കുറിച്ചും പ്രയത്നങ്ങളെക്കുറിച്ചും യുവാക്കൾക്ക് ഈ ദിനം അവബോധം നൽകുമെന്ന് യുഎഇ പ്രസിഡന്റ് വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.