ലൈസൻസില്ലാത്ത ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്കുള്ള പിഴകൾ വർദ്ധിപ്പിച്ച് യുഎഇ. പുതിയ നിയമങ്ങൾ പ്രകാരം, ലൈസൻസില്ലാതെയും ആവശ്യമായ വ്യവസ്ഥകൾ പാലിക്കാതെയും ആരോഗ്യ സംരക്ഷണ ജോലികൾ ചെയ്യുന്നവർക്ക് കൂടുതൽ കർശനവും ഉയർന്ന പിഴയും ബാധകമാകും. നിയമങ്ങളിൽ ഒരു ദേശീയ രജിസ്ട്രി സ്ഥാപിക്കുന്നതും ഉൾപ്പെടുന്നു. സ്വകാര്യ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ നിയന്ത്രണങ്ങളും വെറ്റിനറി മെഡിസിൻ സംബന്ധിച്ച വ്യവസ്ഥകളും ഇതിൽ ഉൾപ്പെടും.
നഴ്‌സിംഗ്, മെഡിക്കൽ ലബോറട്ടറികൾ, മെഡിക്കൽ ഫിസിക്‌സ്, ഒക്യുപേഷണൽ തെറാപ്പി, ഫിസിക്കൽ തെറാപ്പി, കോസ്‌മെറ്റിക്‌സ്, അനസ്‌തേഷ്യ, ഓഡിയോളജി, മെഡിക്കൽ റേഡിയോഗ്രാഫി തുടങ്ങിയ ആരോഗ്യപരിപാലന രംഗത്ത് ലൈസൻസ് നേടാതെയും ആവശ്യമായ വ്യവസ്ഥകൾ പാലിക്കാതെയും ആരോഗ്യ സംരക്ഷണ ജോലികൾ ചെയ്യുന്നവർക്കുള്ള പിഴകൾ ശക്തമാക്കുന്നു.
രാജ്യത്ത് ലൈസൻസുള്ള ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്കായി ഒരു ദേശീയ രജിസ്ട്രി സ്ഥാപിക്കുന്നു. സംരംഭകരെയും വിദേശ നിക്ഷേപകരെയും വെറ്റിനറി സൗകര്യങ്ങൾ സ്ഥാപിക്കാനും സ്വന്തമാക്കാനും അനുവദിക്കുക, അതുവഴി രാജ്യത്തെ വെറ്ററിനറി മേഖലയിൽ വിദേശ നിക്ഷേപം ആകർഷിക്കുക എന്നിവയാണ് രാജ്യം ലക്ഷ്യം വെയ്ക്കുന്നത്.